
കീവ് : യുക്രെയിൻ തലസ്ഥാനമായ കീവിലേക്ക് വൻ റഷ്യൻ സൈനിക വ്യൂഹം അടുത്തുകൊണ്ടിരിക്കേ നഗരത്തിലെ ഉയർന്ന കെട്ടിടങ്ങളുടെ മുകളിൽ ദുരൂഹ ചിഹ്നങ്ങൾ പ്രത്യക്ഷപ്പെട്ടു. ചുവന്ന പെയിന്റ് കൊണ്ട് എക്സ്, ആരോകൾ എന്നീ ആകൃതികളിലുള്ള അടയാളങ്ങളാണ് കണ്ടെത്തിയത്. ഇത് യുദ്ധം രൂക്ഷമായാൽ റഷ്യയ്ക്ക് ബോബാക്രമണങ്ങൾ നടത്തുന്നതിനോ, സൈന്യത്തെ ഇറക്കുന്നതിനോ വേണ്ടിയുള്ള സ്ഥലങ്ങളെ മുൻകൂട്ടി അടയാളപ്പെടുത്തിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ചില നഗരങ്ങളിൽ ഉയർന്ന കെട്ടിടങ്ങളുടെ മുകളിലും, ഗ്യാസ് പൈപ്പുകളിലും ഈ ചിഹ്നങ്ങൾ കാണപ്പെടുന്നു.
കീവ് നഗരത്തിലെ കെട്ടിടങ്ങളിൽ ഇത്തരം അടയാളങ്ങൾ കൂടുതൽ കണ്ടെത്തിയതോടെ മേൽക്കൂരയുടെ മുകൾ ഭാഗം പരിശോധിക്കാൻ മേയർ ആവശ്യപ്പെട്ടു. ഇത്തരം അടയാളങ്ങൾ കണ്ടെത്തിയാൽ അത് കവർ ചെയ്യാനും ആവശ്യപ്പെട്ടു.
പടിഞ്ഞാറൻ ഉക്രെയ്നിലെ റിവ്‌നെ നഗരത്തിലെ മേയർ അലക്സാണ്ടർ ട്രെത്യാക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സമാനമായ സന്ദേശം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
റഷ്യയ്ക്ക് മേൽ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും യുദ്ധത്തിൽ നിന്നും പിന്തിരിയാൻ പുടിൻ തയ്യാറായിട്ടില്ല.
വ്യോമാക്രമണത്തിനൊപ്പം ശക്തമായ കരയുദ്ധവും റഷ്യ ആരംഭിച്ചിരിക്കുകയാണ്. വൻ സൈനിക വ്യൂഹമാണ് കീവ് ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുന്നത്. വെടിനിർത്തൽ സംബന്ധിച്ച് ഇരുപക്ഷവും ഇന്നലെ അയൽരാജ്യത്ത് വച്ച് ചർച്ച നടത്തിയെങ്കിലും ഒരു പുരോഗതിയും കൈവരിക്കാനായില്ല.
അതേസമയം യുക്രെയിൻ പ്രതിരോധം ശക്തമാക്കിയതോടെ അമേരിക്കയും യൂറോപ്യൻ യൂണിയനിലുമുള്ള രാജ്യങ്ങൾ വൻതോതിൽ ആയുധങ്ങൾ എത്തിക്കുവാൻ തയ്യാറായിട്ടുണ്ട്.