
കലയും സംഗീതവും നൃത്തവും സംസ്‌കാരവും പാരമ്പര്യവുമെല്ലാം കൂടിക്കലർന്ന നാടാണ് ഇന്ത്യ. പ്രകൃതി സൗന്ദര്യവും ദൃശ്യഭംഗിയും വേണ്ടുവോളമുള്ള നാട്. എന്നാൽ ഇതിനെല്ലാം പുറമേ നിഗൂഡത നിറഞ്ഞ അനേകം സ്ഥലങ്ങളുണ്ട് ഇന്ത്യയിൽ. ഈ പ്രദേശങ്ങളുടെ നിഗൂഡതകൾക്ക് പിന്നിലെ കാരങ്ങൾ ഇന്നും അജ്ഞാതമാണ്. പല ചരിത്രകാരൻമാരും വിദഗ്ദ്ധരും ഇവയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വ്യക്തമായ ഉത്തരത്തിലേക്കെത്താൻ ആർക്കുമായില്ല. നിങ്ങൾ സഞ്ചാരപ്രിയർ ആണെങ്കിൽ ഇത്തരം പ്രദേശങ്ങൾ തീർച്ചയായും നിങ്ങളെ ആകർഷിക്കും.
മലപ്പുറം കൊടിൻഹിയിലെ ഇരട്ടകൾ

മലപ്പുറത്തെ കൊച്ചുഗ്രാമമായ കൊടിൻഹിയിൽ ജനിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ഇരട്ടകളായിരിക്കും എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഇരട്ടകളുടെ ഗ്രാമം എന്നാണ് ഈ ഗ്രാമത്തിന്റെ മറ്റൊരു പേര്. 200ലധികം ഇരട്ടകളുടെ ജോഡിയുണ്ടിവിടെ. ഒരുപോലിരിക്കുന്ന മൂന്ന് കുട്ടികളുടെ രണ്ട് സെറ്റും ഈ നാട്ടിലുണ്ട്. ഈ നാട്ടിലെ സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികൾ ഇരട്ടകളാണെന്ന് മാത്രമല്ല മറ്റൊരു പ്രദേശത്ത പുരുഷനെ വിവാഹം ചെയ്താലും ജനിക്കുന്ന കുട്ടികൾ ഇരട്ടകളോ ട്രിപ്പ്‌ലെറ്റുകളോ ആയിരിക്കും.ഈ പ്രദേശത്തെ വെള്ളത്തിന്റെ പ്രത്യേകത മൂലമാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നതെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.
വാതിലുകളില്ലാത്ത മഹാരാഷ്ട്രയിലെ ഷാനി ഷിൻഗ്‌നാപൂർ

നമ്മുടെ വീടുകളിലെ വാതിലുകളും ജനാലകളുമെല്ലാം കള്ളൻമാരെയും അക്രമികളെയും പേടിച്ച് സദാ അടച്ചിടുമ്പോൾ മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിലെ വീടുകളിൽ വാതിലുകളോ ജനാലകളോ ഇല്ല. ഈ ഗ്രാമത്തിലാണ് പ്രസിദ്ധമായ ഷാനി ക്ഷേത്രമുള്ളത്. ഇവിടത്തെ ഒരു കെട്ടിടങ്ങളിലും വാതിലുകളില്ല. മാത്രമല്ല ഇതുവരെ ഇവിടെ ഒരു കുറ്റകൃത്യവും റിപ്പോർട്ട് ചെയ്തിട്ടുമില്ല. കുറ്റകൃത്യങ്ങളൊന്നുമില്ലാത്തത് ഷാനി ഭഗവാന്റെ അനുഗ്രഹം കൊണ്ടാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
രാജസ്ഥാനിലെ ബുള്ളറ്റ് ബാബ

ഇരുചക്രവാഹന യാത്രക്കാരെ കാക്കുന്ന ദൈവമായ ബുള്ളറ്റ് ബാബയുടെ പുണ്യസ്ഥലമാണ് ബന്ദായി. ഇവിടത്തെ പ്രതിഷ്ഠ ദൈവങ്ങളുടെ വിഗ്രഹങ്ങളല്ല മറിച്ച് ഒരു ബുള്ളറ്റ് ബൈക്കാണ്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ജീവിച്ചിരുന്ന ഓം ബന്ന എന്നറിയപ്പെടുന്ന ഓം സിംഗ് റാത്തോറിന്റെ ബുള്ളറ്റാണിത്. വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ആരാധനാലയം ഇരിക്കുന്ന അതേ സ്ഥലത്ത് നടന്ന അപകടത്തിൽ ഓം സിംഗ് റാത്തോർ മരണപ്പെട്ടു. പിന്നാലെ നടന്നത് വളരെ ദുരൂഹതകളേറിയ സംഭവവികാസങ്ങളാണ്. എത്രതവണ ബൈക്ക് ഇവിടെ നിന്ന് മാറ്റിയാലും അത് പിറ്റേന്ന് അപകടം നടന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തും. ഇന്ധനം കാലിയാക്കിയിട്ടും ചങ്ങലകളാൽ ബന്ധിച്ചുവച്ചിട്ടും ഇത് തന്നെ ആവർത്തിച്ചു. തുടർന്ന് ഗ്രാമവാസികൾ ചേർന്ന് ബൈക്ക് ഇരിക്കുന്ന ഭാഗത്തായി ഒരു അമ്പലം പണിയുകയും ആരാധന ആരംഭിക്കുകയുമായിരുന്നു.
ഹൈദരാബാദിലെ വിസ ദൈവം

വിസ ലഭിക്കാൻ കാലതാമസം നേരിടുകയാണോ? വിസ ലഭിക്കാതെ നിരാശയിലും സങ്കടത്തിലുമായിരിക്കുന്നവർ ഹൈദരാബാദിലെ ചിൽക്കൂറിലെ വിസ ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി എല്ലാ തടസങ്ങളും മാറി വിസ ഉടൻ തന്നെ ലഭിക്കുമെന്നാണ് വിശ്വാസം. ചിൽക്കൂറിലെ ബാലാജി ക്ഷേത്രത്തിലെ ബാലാജി ഭഗവാനാണ് വിസ വേഗത്തിൽ ലഭിക്കാനുള്ള അനുഗ്രഹം നൽകുന്നത്.
പശ്ചിമ ബംഗാളിലെ പ്രേത വെളിച്ചങ്ങൾ

പശ്ചിമ ബംഗാളിലെ ചതുപ്പുകളിൽ പാതിരാത്രിയായാൽ പല നിറത്തിലെ വെളിച്ചം കാണാം. അലേയ വിളക്കുകൾ എന്നറിയപ്പെടുന്ന ഇവ പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ പേടിസ്വപ്നമാണ്. ഉറവിടം കണ്ടെത്താനാകാത്ത ഈ വെളിച്ചം പലപ്പോഴും മത്സ്യതൊഴിലാളികളെ വഴിതെറ്റിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇവ കാരണം ജീവൻ നഷ്ടമായവരുമുണ്ട്. ചതുപ്പുനിലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ജൈവവസ്തുക്കളിൽ നിന്ന് രൂപപ്പെടുന്ന മീഥേനിൽ രാസപ്രവർത്തനം സംഭവിക്കുന്നതാണ് ഇത്തരം വെളിച്ചം രൂപപ്പെടാൻ കാരണമെന്ന് ശാസ്ത്രഞ്ജർ പറയുന്നു.