mbbs-

ന്യൂഡൽഹി : റഷ്യ യുക്രെയിൻ യുദ്ധം തുടരവേ യുദ്ധമുഖത്ത് നിന്നും ജീവൻ അപകടത്തിലായ പൗരൻമാരെ രക്ഷപ്പെടുത്തുന്ന തിരക്കിലാണ് ഇന്ത്യ. യുക്രെയിനിൽ നിന്നും ഇന്ത്യ തിരികെ എത്തിക്കുന്നവരിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർത്ഥികളാണ്. ഇത്രയും ഇന്ത്യൻ വിദ്യാർത്ഥികൾ പുറത്ത് പോയി പഠിക്കുന്നതെന്തിന് എന്ന ചോദ്യവും ഈ അവസരത്തിൽ ഉയരുന്നുണ്ട്. എന്നാൽ ഇതിന് ഉത്തരമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെടുന്നത് ഇന്ത്യയിൽ പരാജയപ്പെടും എന്നതിനാലാണ് പുറത്ത് പോകുന്നത് എന്നാണ്. ഇന്ത്യയിൽ യോഗ്യതാ പരീക്ഷകൾ വിജയിക്കുന്നതിൽ വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% ഇന്ത്യക്കാരും പരാജയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം ഈ ചോദ്യം ചർച്ച ചെയ്യാൻ പറ്റിയ സമയം ഇതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിദേശത്ത് എംബിബിഎസ് പഠിച്ചെത്തുന്നവർക്ക് ഇന്ത്യയിൽ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നതിനായി ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്എംജിഇ) പാസാകണമെന്ന് നിർബന്ധമാണ്. എന്നാൽ വിദേശത്ത് പഠിച്ചെത്തുന്നവരിൽ ഈ പരീക്ഷ പാസാകുന്നവരുടെ എണ്ണം കുറവാണ്.

ഖാർകിവിലും, തലസ്ഥാനമായ കീവിലും വിദ്യാർത്ഥികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും, ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും മന്ത്രി സമ്മതിച്ചു. റഷ്യയുമായും യുക്രെയിനുമായും സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ വിദ്യാർത്ഥികളെയും ഉടൻ നാട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പ് നൽകി.