madhabi

മുംബയ്: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി)യുടെ ചെയർപേഴ്സണായി മാധബി പുരി ബുച്ചിയെ നിയമിച്ചു. സെബിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അദ്ധ്യക്ഷയാണ് മാധബി. ഇന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം.

നിലവിലെ ചെയർമാൻ അജയ് ത്യാഗിയുടെ കാലാവധി ഇന്നലെ തീർന്നതിന് പിന്നാലെയാണ് മാധബി പുരി ബുച്ചിയുടെ നിയമനം. സ്വകാര്യ മേഖലയിൽനിന്ന് സെബിയുടെ തലപ്പത്തെത്തുന്ന ആദ്യവ്യക്തി കൂടിയാണ് മാധബി.

അജയ് ത്യാഗിക്ക് പുനർനിയമനം നൽകിയേക്കും എന്ന തരത്തിൽ ചില സൂചനകളുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി മാധബിയുടെ പേര് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. സെബിയുടെ മുഴുവൻസമയ അംഗമാകുന്ന ആദ്യത്തെ വനിത എന്ന നേട്ടവും നേരത്തെ മാധബി പുരി സ്വന്തമാക്കിയിരുന്നു.
2009 -11 കാലത്ത് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി അവർ പ്രവർത്തിച്ചിരുന്നു. 2011ൽ ഐ.സി.ഐ.സി.ഐ വിട്ട അവർ സിംഗപ്പൂരിലെ ജോയിൻ ഗ്രേറ്റർ പസിഫിക് കാപിറ്റൽ കമ്പനിയിലും പ്രവർത്തിച്ചിരുന്നു.

കേന്ദ്ര ധനകാര്യമന്ത്രാലയമാണ് സെബി അദ്ധ്യക്ഷന്റെ നിയമനം തീരുമാനിക്കുന്നത്. പദവിയിലേക്ക് നേരത്തെ അപേക്ഷകൾ ക്ഷണിച്ചിരുന്നു. നിയമനനടപടികൾ പുരോഗമിക്കുകയാണെന്ന് നേരത്തെ ധനമന്ത്രി നിർമ്മല സീതാരാമനും വ്യക്തമാക്കിയിരുന്നു.