fighter-jets-

കീവ് : റഷ്യക്കെതിരെ യുക്രെയിൻ ശക്തി ക്ഷയിക്കുമ്പോൾ ആയുധ ബലം കൂട്ടാൻ യൂറോപ്യൻ യൂണിയൻ. യുക്രെയിന് എഴുപതോളം യുദ്ധവിമാനങ്ങൾ നൽകാനാണ് തീരുമാനം. യൂറോപ്യൻ യൂണിയനിലെ മൂന്ന് രാജ്യങ്ങളാണ് ഈ തീരുമാനമെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മിഗ്29, എസ് യു25 തുടങ്ങിയ വിമാനങ്ങൾ നൽകാനാണ് ബൾഗേറിയ, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ തീരുമാനം. ഇതിൽ ബൾഗേറിയ 16 മിഗ് 29 യുദ്ധവിമാനങ്ങളും 14 എസ് യു 25 യുദ്ധവിമാനങ്ങളും നൽകും. പോളണ്ട്, സ്ലൊവാക്യ എന്നിവ യഥാക്രമം 28ഉം 12 ഉം മിഗ്29 യുദ്ധവിമാനങ്ങൾ യുക്രെയിന് കൈമാറും.

യുദ്ധവിമാനങ്ങൾക്ക് പുറമേ യുക്രെയിന് ആയുധങ്ങൾ വാങ്ങുന്നതിനായി ധനസഹായം നൽകാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളിൽ ഒരാളായാണ് യുക്രെയിനെ കാണുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രഖ്യാപിച്ചു. അതേസമയം യൂറോപ്യൻ യൂണിയനിൽ തങ്ങളെ അടിയന്തരമായി അംഗമാക്കണമെന്ന് യുക്രെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയിനെ അംഗമാക്കിയാൽ നിയമപ്രകാരം സുരക്ഷാ ആവശ്യങ്ങൾക്കായി അംഗരാജ്യങ്ങൾക്ക് സൈനികരെ യുക്രെയ്നിലേക്ക് അയയ്ക്കാനാവും.

ഫിൻലാൻഡ്, നോർവേ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളും യുക്രെയിൻ സർക്കാരിന് സൈനിക സഹായം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.