
കീവ്: യൂറോപ്യൻ യൂണിയനിൽ തങ്ങളെയും ഉൾപ്പെടുത്തിയാൽ രാജ്യാന്തര സഖ്യം കൂടുതൽ കരുത്തുറ്റതാകുമെന്ന് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് സെലെൻസ്കിയുടെ പ്രതികരണം എത്തുന്നത്. യുക്രെയിനിന് യൂറോപ്യൻ യൂണിയന്റെ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിതെന്നും ഇപ്പോൾ സഹായിച്ചില്ലെങ്കിൽ യുക്രെയിൻ എന്നെന്നേക്കുമായി ഒറ്റപ്പെട്ടു പോകുമെന്നും സെലെൻസ്കി വ്യക്തമാക്കി. യുക്രെയിനിനൊപ്പമാണ് നിങ്ങൾ എന്ന് തെളിയിക്കാനുള്ള സമയമായെന്നും അതിന് സാധിച്ചാൽ മരണത്തെ തോൽപിക്കാൻ ജീവിതത്തിനും ഇരുട്ടിനെ പരാജയപ്പെടുത്താൻ വെളിച്ചത്തിനും സാധിക്കുമെന്ന് സെലെൻസ്കി യൂറോപ്യൻ യൂണിയനോടായി പറഞ്ഞു.
അതേസമയം യുക്രെയിന് എഴുപതോളം യുദ്ധവിമാനങ്ങൾ നൽകാൻ യൂറോപ്യൻ യൂണിയനിലെ മൂന്ന് രാജ്യങ്ങൾ തീരുമാനമെടുത്തെന്ന് റിപ്പോർട്ടുകളുണ്ട്. മിഗ്29, എസ് യു25 തുടങ്ങിയ വിമാനങ്ങൾ നൽകാനാണ് ബൾഗേറിയ, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ തീരുമാനം. ഇതിൽ ബൾഗേറിയ 16 മിഗ് 29 യുദ്ധവിമാനങ്ങളും 14 എസ് യു 25 യുദ്ധവിമാനങ്ങളും നൽകും. പോളണ്ട്, സ്ലൊവാക്യ എന്നിവ യഥാക്രമം 28ഉം 12 ഉം മിഗ്29 യുദ്ധവിമാനങ്ങൾ യുക്രെയിന് കൈമാറും.
യുദ്ധവിമാനങ്ങൾക്ക് പുറമേ യുക്രെയിന് ആയുധങ്ങൾ വാങ്ങുന്നതിനായി ധനസഹായം നൽകാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളിൽ ഒരാളായാണ് യുക്രെയിനെ കാണുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രഖ്യാപിച്ചു. യുക്രെയിനെ അംഗമാക്കിയാൽ നിയമപ്രകാരം സുരക്ഷാ ആവശ്യങ്ങൾക്കായി അംഗരാജ്യങ്ങൾക്ക് സൈനികരെ യുക്രെയ്നിലേക്ക് അയയ്ക്കാനാവും.
ഫിൻലാൻഡ്, നോർവേ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളും യുക്രെയിൻ സർക്കാരിന് സൈനിക സഹായം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.