
ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ നാരദന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ഡയലോഗുകൾ ഒന്നുമില്ലാതെ ചിത്രത്തിലെ താരങ്ങളുടെ ഷോട്ടുകൾ മാത്രം ഉൾപ്പെടുത്തിയാണ് പുതിയ ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. പതിയെ തുടങ്ങി ട്രെയിലർ പുരോഗമിക്കും തോറും വേഗം കൂടുന്ന പശ്ചാത്തല സംഗീതം ചിത്രത്തിന് ഒരു ത്രില്ലർ സ്വഭാവം നൽകുന്നുണ്ട്.
മാർച്ച് 3ന് തീയേറ്ററുകളിലെത്തുന്ന സിനിമ സമകാലിക ഇന്ത്യൻ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറുകളിൽ നിന്ന് ലഭിക്കുന്ന സൂചന. മായാനദിക്കുശേഷം ടൊവിനോ തോമസും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നാരദൻ. അന്ന ബെൻ, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയരാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പലേരി, ജയരാജ് വാര്യർ എന്നിവരാണ് മറ്റു താരങ്ങൾ. ഉണ്ണി ആർ. ആണ് തിരക്കഥാകൃത്ത്.
സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിംഗലും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ജാഫർ സാദിഖ്, എഡിറ്റർ: സൈജു ശ്രീധരൻ, സംഗീത സംവിധാനം: ഡി.ജെ. ശേഖർ മേനോൻ.