
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സിപിഎം പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചതായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഈ സമ്മേളനത്തോടെ പാർട്ടിയിൽ വിഭാഗീയത പൂർണമായി അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ നിലനിൽക്കുന്ന ഭിന്നത പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സിപിഎം തീരുമാനിച്ചു. കോൺഗ്രസിന്റെ പാരമ്പര്യമാണ് അടി. ആലപ്പുഴയിലും കുറ്റ്യാടിയിലും പൊന്നാനിയിലുമുളളത് പ്രാദേശിക പ്രശ്‌നങ്ങൾ മാത്രമാണെന്ന് പറഞ്ഞ കോടിയേരി സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ട് ജി.സുധാകരൻ കത്ത് നൽകിയ വിഷയത്തിൽ പ്രതികരിച്ചു. ഏത് കാര്യവും പാർട്ടിയിൽ അറിയിക്കാൻ ജി.സുധാകരന് കഴിയുമെന്നാണ് കോടിയേരി പറഞ്ഞത്.
ജമാ അത്തെ ഇസ്ളാമിയെ കടന്നാക്രമിച്ച കോടിയേരി സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് അവർ പ്രവർത്തിക്കുന്നു എന്നഭിപ്രായപ്പെട്ടു. സമൂഹത്തിൽ കലാപം സൃഷ്‌ടിക്കാൻ അവർ ശ്രമിക്കുന്നു. മുസ്ളീം ലീഗിനോടുളള സമീപനത്തിൽ മാറ്റമില്ല. തൽക്കാലം മുന്നണി വിപുലീകരണം അജണ്ടയിലില്ല. ഐഎൻഎൽ നിലപാട് എൽഡിഎഫിന്റെ യശസിന് കോട്ടം തട്ടുന്നതായാൽ ഇടപെടും. മറ്റ് പാർട്ടിയിലെ അംഗങ്ങളെ പരമാവധി സിപിഎമ്മിൽ അണിനിരത്തുമെന്ന് സമ്മേളന റിപ്പോർട്ടിലുണ്ട്. യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചതായും കോടിയേരി പറഞ്ഞു.