stabbed

ചെന്നൈ: സേലത്ത് ജുഡിഷ്യൽ മജിസ്‌ട്രേട്ടിനെ കോടതി ജീവനക്കാരൻ കത്തിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. സേലം ജില്ലാ കോടതി സമുച്ചയത്തിലെ നാലാം കോടതി ജുഡിഷ്യൽ മജിസ്‌ട്രേട്ട് എം.പൊൻപാണ്ടിയെയാണ് ഓഫീസ് അസിസ്റ്റന്റായ പ്രകാശ് (37) ചേംബറിൽ അതിക്രമിച്ചുകയറി കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.

നെഞ്ചിന്റെ ഭാഗത്ത് കുത്തേറ്റ മജിസ്‌ട്രേട്ടിനെ സേലം ഗവ.മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. തുടർച്ചയായി സ്ഥലം മാറ്റപ്പെട്ടതിൽ പ്രകാശ് ഏറെ അസ്വസ്ഥനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ മജിസ്‌ട്രേട്ടുമായി വാക്കേറ്റമുണ്ടായി. പിന്നാലെ പ്രകാശ് കത്തിയെടുത്ത് കുത്തുകയായിരുന്നു.

ബഹളംകേട്ടെത്തിയ അഭിഭാഷകരും മറ്റും പ്രതിയെ പിടികൂടി പൊലീസിൽ ഏല്പിച്ചു. പ്രകാശിനെ അസ്തമപട്ടി പൊലീസ് അറസ്റ്റ് ചെയ്തു.