yechuri

കൊച്ചി: ബിജെപിയ്‌ക്കും ആർഎസ്‌എസിനും നേരെ രൂക്ഷമായ കടന്നാക്രമണം നടത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ബിജെപിയുടെ കൈയിൽ അവശേഷിക്കുന്ന ഏക ആയുധം വ‌ർഗീയ ധ്രുവീകരണമാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു യെച്ചൂരി.

ബിജെപി സർക്കാരുകൾ ഭരണഘടനയെ ആക്രമിക്കാനും അടിത്തറ തകർക്കാനും നിരന്തരം പ്രവർത്തിക്കുകയാണ്. നിലവിലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബിജെപി പെരുമാറ്റചട്ടം ലംഘിച്ചിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയൊന്നുമെടുത്തില്ലെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. 'ഭരണഘടനയെ ആസൂത്രിതമായി ആക്രമിക്കുകയും സ്വതന്ത്ര സ്ഥാപനങ്ങളെ തുരങ്കം വയ്‌ക്കുകയും ചെയ്യുകയാണ് ബിജെപി. ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട സ്ഥാപിക്കാനും മതേതരത്വം തകർക്കാനും ബിജെപിക്ക് ഇതാവശ്യമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം സമൂഹത്തിലെ വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുകയാണ് ബിജെപി. ഇലക്ഷനിൽ ജയിക്കാൻ അത് മാത്രമാണ് വഴിയെന്ന് അവർ‌ കരുതുന്നു.' യെച്ചൂരി പറഞ്ഞു.

മുഖ്യശത്രുവായി ബിജെപിയെ പേരെടുത്ത് പരാമർശിച്ച യെച്ചൂരി എന്നാൽ ഒരിക്കൽ പോലും കോൺഗ്രസിന്റെ പേര് പരാമർ‌ശിച്ചതേയില്ല. ബിജെപിയെ ഒറ്റപ്പെടുത്താൻ സിപിഎമ്മിന്റെ ബഹുജന അടിത്തറ വർദ്ധിപ്പിക്കണം. യുക്രെയിൻ അധിനിവേശം റഷ്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട യെച്ചൂരി ചൈനയുടെ ശക്തിയെ അമേരിക്ക ഭയക്കുന്നതായും ഇന്ത്യ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജൂനിയർ പാർട്‌ണറായെന്നും അഭിപ്രായപ്പെട്ടു.