
കീവ്: ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യൻ ഫുട്ബാൾ ടീം ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്. ഇത്തവണ എ എഫ് സി ടൂർണമെന്റിന് യോഗ്യത നേടാനാകുമെന്ന പരിപൂർണ വിശ്വാസത്തിലാണ് ടീം അംഗങ്ങളും മാനേജ്മെന്റും. എന്നാൽ ടീമിന്റെ തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലാണ് റഷ്യ - യുക്രെയിൻ യുദ്ധവും അതു മൂലമുള്ള അനന്തര നടപടികളും മുന്നോട്ട് പോകുന്നത്.
റഷ്യയ്‌ക്കൊപ്പം ബലാറൂസിനെയും ഫിഫ വിലക്കിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ജൂണിൽ നടക്കുന്ന ഏഷ്യൻ കപ്പിനുള്ള പരിശീലന മത്സരം എന്ന നിലയ്ക്ക് ബഹ്‌റൈനും ബലാറൂസിനുമെതിരെയും ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇരിക്കുകയായിരുന്നു. എന്നാൽ ഫിഫ വിലക്ക് നിലവിൽ വന്നതിനാൽ ബലാറൂസിനെതിരായ മത്സരം ഇന്ത്യയ്ക്ക് ഒഴിവാക്കേണ്ടി വരും. ഈ മാസം 23നും 26നുമായും മനാമയിൽ വച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്.
അതേസമയം ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിക്കാത്ത രീതിയിൽ ബദൽ നടപടികളുമായി മുന്നോട്ട് പോകാനാണ് എ ഐ എഫ് എഫിന്റെ തീരുമാനം. ബലാറൂസിന് പകരം ബഹ്‌റൈനെതിരെ രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുന്നതിനെകുറിച്ചും ആലോചനയുണ്ട്. ഇതിന് വേണ്ടി ബഹ്‌റൈൻ അധികൃതരുമായി ഉടൻ ചർച്ച നടത്തുമെന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു.
പത്ത് വർഷം മുമ്പായിരുന്നു ഒരു യൂറോപ്യൻ രാജ്യവുമായി ഇന്ത്യ ഇതിന് മുമ്പ് സൗഹൃദ മത്സരം കളിച്ചത്. അന്നത്തെ മത്സരത്തിൽ അസർബെയ്ജാൻ ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു.