thiruvallom

തിരുവനന്തപുരം: ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹൃദയാഘാതമെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഹൃദയാഘാതത്തിന് കാരണം കണ്ടെത്താൻ പത്തോളജി പരിശോധനാ ഫലം കൂടി വരേണ്ടതുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.

തിരുവല്ലം ജ‌‌ഡ്‌ജികുന്ന് കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്‌ച വൈകുന്നേരം സുരേഷ് ഉൾപ്പടെ അഞ്ചുപേർ ആക്രമിച്ചിരുന്നു. സംഭവം ഉണ്ടായയുടൻ ഇവിടെത്തി പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തു. രാത്രി നെഞ്ചുവേദനയുണ്ടാകുന്നതായി സുരേഷ് അറിയിച്ചതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽവച്ച് രാത്രി 11.30ഓടെ സുരേഷ് മരിച്ചു. നെഞ്ചുവേദന കാരണമാണ് സുരേഷിനെ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ പൊലീസ് മർദ്ദിച്ചത് കാരണമാണ് സുരേഷ് മരിച്ചതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. പൊലീസ് സ്‌റ്റേഷൻ ഉപരോധത്തിലേക്ക് കാര്യങ്ങൾ നീങ്ങി. സബ് കളക്‌ടറുടെയും മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടത്തി. മെഡിക്കൽ കോളേജിലെ മൂന്നംഗ ഡോക്‌ടർമാരുടെ സംഘം പോസ്‌റ്റ്‌മോർട്ടം നടത്തി. സുരേഷിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.