naveen

കീവ്: റഷ്യ നടത്തിയ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പയ്‌ക്ക് പിതാവ് അവസാനമായി നൽകിയത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. അവസാനമായി നവീനുമായി വീഡിയോ കോളിൽ സംസാരിച്ചപ്പോൾ നവീൻ താമസിക്കുന്ന കെട്ടിടത്തിൽ വലിയൊരു ഇന്ത്യൻ പതാക സ്ഥാപിക്കാനും പരമാവധി പുറത്തിറങ്ങുമ്പോൾ ഇന്ത്യൻ പതാക കൈയിൽ കരുതണമെന്നുമാണ് അച്ഛൻ മകനോട് പറഞ്ഞത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി നവീന്റെ പിതാവ് സംസാരിച്ചിരുന്നു. നവീൻ താമസിച്ച സ്ഥലത്ത് നിന്നും മാറിയാൽ രക്ഷിക്കുന്നത് സാദ്ധ്യമാണെന്ന് മന്ത്രി അറിയിച്ചിരുന്നു.

റഷ്യയുടെ കനത്ത ഷെൽ ആക്രമണം നടക്കുന്ന സ്ഥലത്തായിരുന്നു പക്ഷെ നവീനും സുഹൃത്തും തങ്ങിയിരുന്നത്. ഇവിടെ നിന്നും പുറത്തേക്ക് രക്ഷപ്പെടാൻ വെറും രണ്ട് ശതമാനം മാത്രമായിരുന്നു സാദ്ധ്യത. ഖാർകീവിൽ തങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം റഷ്യയും യുക്രെയിനും ഉറപ്പ് നൽകിയിരുന്നതാണ്. ഇതിനിടെയാണ് അപകടം. ഭക്ഷണം വാങ്ങാൻ പുറത്ത് കടയിലേക്ക് പോയ സമയത്താണ് നവീൻ ആപത്തിൽ പെട്ടത്.

ഖാർകീവിൽ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് എന്തുകൊണ്ട് പോയില്ലെന്ന് പിതാവ് ചോദിച്ചിരുന്നു. സ്ഥിതി വളരെ മോശമാണെന്നും രക്ഷപ്പെടാൻ വലിയ ജനത്തിരക്കുണ്ടെന്നുമായിരുന്നു നവീൻ മറുപടി നൽകിയത്. പുലർച്ചെ ആറിനും 10നും ഉച്ചയ്‌ക്ക് ഒരുമണിയ്‌ക്കും ട്രെയിനുകളുണ്ടെന്ന് വിവരം നവീനുണ്ടായിരുന്നു. സ്ഥലത്തെ സ്ഥിതി നിരീക്ഷിച്ചശേഷം അവിടെ നിന്നും പോകാനും ആരുടെയെങ്കിലും സഹായമില്ലാതെ ഒന്നും ചെയ്യരുതെന്നും നവീനെ പിതാവ് ഉപദേശിച്ചിരുന്നു.

യുക്രെയിന്റെ അതിർത്തി ഗ്രാമങ്ങളിലേക്ക് എങ്ങനെയും എത്താനാണ് വിദേശകാര്യ മന്ത്രാലയം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. എന്നാൽ ട്രെയിനുകളിൽ കയറാനാകാത്ത സ്ഥിതിയാണെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. എത്തിയവർക്ക് ഭക്ഷണമോ വെള‌ളമോ കിട്ടാത്ത സ്ഥിതിയുമുണ്ട്.