hero-eddy

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്കൂട്ടർ നിർമാതാക്കളായ ഹീറോ ഇലക്ട്രിക്കിന്റെ പുതിയ സ്കൂട്ടറായ എഡ്ഡി പുറത്തിറങ്ങി. വരുന്ന മാസങ്ങളിൽ രാജ്യത്തെ വിവിധ ഷോറൂമുകളിലൂടെ വാഹനം വിപണിയിലെത്തുമെന്ന് ഹീറോ ഇലക്ട്രിക്ക് അറിയിച്ചു. മഞ്ഞ, ഇളം നീല എന്നീ നിറങ്ങളിലെത്തുന്ന എഡ്ഡി, 72,000 രൂപ എക്സ് ഷോറൂം വില നൽകിയാൽ പുറത്തിറക്കാൻ സാധിക്കും.

വാഹനത്തിന് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലെന്ന് ഹീറോ ഇലക്ട്രിക്ക് അറിയിച്ചു. രജിസ്ട്രേഷനും മറ്റ് കാര്യങ്ങളും ആവശ്യമില്ലാത്തതിനാൽ തന്നെ എക്സ് ഷോറൂം വിലയിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലാതെ വാഹനം നിരത്തിലിറക്കാൻ സാധിക്കും. അതേസമയം വാഹനം ഓടിക്കാൻ ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ലാതെ സ്ഥിതിക്ക് സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്രറിൽ താഴെ മാത്രമായിരിക്കും. ഇന്ത്യയിൽ മണിക്കൂറിൽ 25 കിലോമീറ്ററിന് താഴെ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ ഓടിക്കാൻ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല.

ദീർഘദൂരയാത്രക്കാരെ ഉദ്ദേശിച്ചല്ല മറിച്ച് ചെറിയ യാത്രകൾക്ക് വേണ്ടിയാണ് എഡ്ഡി രൂപകല്പന ചെയ്തതെന്ന് ഹീറോ ഇലക്ട്രിക്ക് വ്യക്തമാക്കി. ചെറിയ സ്കൂട്ടർ ആണെങ്കിലും ഫൈൻഡ് മൈ ബൈക്ക്, ഇ-ലോക്ക്, പ്രത്യേക ഹെഡ്‌ലാംപുകൾ, റിവേഴ്സ് മോഡ് എന്നിവയോടൊപ്പമാണ് എഡ്ഡി വിപണിയിലെത്തുക. ഇതിനുപുറമേ സാധനങ്ങൾ വയ്ക്കുന്നതിന് വേണ്ടിയുള്ള ഉയർന്ന ബൂട്ട് സ്പേസും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.