
പാരിസ്: ലോക അത്‌ലറ്റിക്സ് വേദികളിൽ നിന്ന് റഷ്യൻ കായികതാരങ്ങളെ വിലക്കി വേൾഡ് അത്‌ലറ്റിക്സ്. വിലക്കിനെ തുടർന്ന് ഒറോഗോണിലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ബെൽഗ്രേഡിൽ നടക്കേണ്ട ലോക അത്‌ലറ്റിക്സ് ഇൻഡോർ ചാമ്പ്യൻഷിപ്പ്, ലോക റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പ് എന്നിവ റഷ്യൻ താരങ്ങൾക്ക് നഷ്ടമാകും. ഇതിൽ ലോക റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പ് ഈ വെള്ളിയാഴ്ച ഒമാനിൽ ആരംഭിക്കാനിരിക്കുകയാണ്. മിക്ക താരങ്ങളും സ്ഥലത്ത് എത്തുകയും രജിസ്ട്രേഷനും അക്രഡിറ്റേഷനും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ മാർച്ചിൽ നടക്കേണ്ട ലോക ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെയും അക്രഡിറ്റേഷൻ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി. ഈ ചാമ്പ്യൻഷിപ്പുകൾക്ക് രജിസ്റ്റർ ചെയ്ത റഷ്യൻ കായികതാരങ്ങളുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് വേൾഡ് അത്‌ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ വ്യക്തമാക്കി.
അതേസമയം കായികരംഗത്തിൽ നിന്ന് രാഷ്ട്രീയത്തെ ഒഴിവാക്കി നിർത്തണമെന്ന് വാദിക്കുന്ന വേൾഡ് അത്‌ലറ്റിക്സിന്റെ ഈ നടപടി അപ്രതീക്ഷിതമായിരുന്നു. ഇതിനെ സംബന്ധിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് താൻ പാതി മനസോടെയാണ് കായികതാരങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കുകൾ ഏർപ്പെടുത്തിയതെന്ന് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു. 2015 മുതൽ ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് റഷ്യയുടെ ദേശീയ കായിക അസോസിയേഷനുകൾ വിലക്ക് നേരിടുകയാണ്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായിക വേദികളിൽ പോലും റഷ്യൻ താരങ്ങൾ ഐ ഒ സിയുടെ പതാകയ്ക്ക് കീഴിലാണ് മത്സരിക്കുന്നത്. അതിനാൽ തന്നെ വേൾഡ് അത്‌ലറ്റിക്സിന് റഷ്യൻ അസോസിയേഷനുകൾക്കെതിരെ നടപടി എടുക്കാൻ സാധിക്കില്ല.
എന്തെങ്കിലും നിവൃത്തി ഉണ്ടായിരുന്നെങ്കിൽ താൻ കായിക താരങ്ങളെ വിലക്കില്ലായിരുന്നെന്നും എന്നാൽ ഫിഫ ഉൾപ്പെടെയുള്ള മറ്റ് രാജ്യാന്ത്ര കായിക സംഘടനകൾ റഷ്യയ്ക്കെതിരെ നടപടികൾ എടുക്കുമ്പോൾ വേൾഡ് അത്‌ലറ്റിക്സിന് നോക്കി നിൽക്കാൻ സാധിക്കില്ലെന്ന് കോ വ്യക്തമാക്കി. റഷ്യ യുക്രെയിനിൽ നടത്തുന്ന സാനിക നടപടികൾക്കെതിരെ പ്രതികരിക്കേണ്ട ബാദ്ധ്യത വേൾഡ് അത്‌ലറ്റിക്സിനും ഉണ്ടെന്ന് കോ പറഞ്ഞു. ബലാറൂസിനെ വിലക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് നടപടികളും വേൾഡ് അത്‌ലറ്റിക്സിന്റെ പരിഗണനയിലുണ്ടെന്നും കോ വെളിപ്പെടുത്തി. അടുത്തയാഴ്ച നടക്കുന്ന കൗൺസിൽ മീറ്റിംഗിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുക്കും.