indian

ന്യൂഡൽഹി: യുക്രെയിൻ അതിർത്തി രാജ്യങ്ങളിലേക്ക് ഓപ്പറേഷൻ ഗംഗാ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തിനുള‌ളിൽ 26 വിമാനങ്ങൾ അയക്കാൻ കേന്ദ്ര സ‌ർക്കാർ. ബുഡാപെസ്‌റ്റ്, ബുക്കാറെസ്‌റ്റ് എന്നിവിടങ്ങളിലേക്കാണ് ഇവ അയക്കുകയെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യോമസേനാ വിമാനം നാളെ രാവിലെ റൊമേനിയയിലേക്ക് തിരിക്കും. ബുധനാഴ്‌ച മുതൽ വ്യോമസേനാ വിമാനങ്ങൾ രക്ഷാദൗത്യത്തിലുണ്ടാകും. ഹർകീവിനടുത്തുള‌ള ഇന്ത്യൻ അതിർത്തിയിലേക്ക് 25അംഗ ഉദ്യോഗസ്ഥ സംഘത്തെ അയക്കും. മോസ്‌കോയിലെ ഇന്ത്യൻ എംബസി സംഘമാണ് ഇവിടേക്ക് പോകുക.

ഇന്ന് റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീനിന്റെ മൃതദേഹം ഇപ്പോൾ മെഡിക്കൽ സ‌ർവകലാശാലയിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ശ്രമം നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃഖ്‌ല അറിയിച്ചു. കീവിൽ ഇന്ത്യക്കാരാരും ഇനി ബാക്കിയില്ല. അതിനിടെ അമേരിക്കയുടെ സഹായം യുദ്ധത്തിൽ യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കി തേടിയിരിക്കുകയാണ്. റഷ്യയുമായുള‌ള സമാധാന ചർച്ച പ്രതിസന്ധിയിലായതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്.