zelenskyy

കീവ്: യുക്രെയിനിൽ ആക്രമണം നിർത്തണമെന്ന സമാധാന ചർച്ചയിലെ നിർദ്ദേശം ഇതുവരെ പാലിക്കാത്ത റഷ്യൻ നിലപാടിനെ തുടർന്ന് റഷ്യ-യുക്രെയിൻ സമാധാന ചർച്ചയുടെ രണ്ടാം ഘട്ടത്തിൽ പ്രതിസന്ധി. യുക്രെയിൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്‌കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. 'ഈ അക്രമിയെ എത്രയും വേഗം തടയണം' എന്നാണ് റഷ്യയെക്കുറിച്ച് സെലെൻസ്‌കി അഭിപ്രായപ്പെട്ടത്. റഷ്യയ്‌ക്കെതിരായ പ്രതിരോധ സഹായം അനുവദിക്കാനാണ് സെലെൻസ്‌കി ബൈഡനോട് സംസാരിച്ചത്. അമേരിക്ക യുക്രെയിന് നൽകുന്ന പിന്തുണയ്‌ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

അതേസമയം ലക്ഷ്യം പൂർത്തിയാക്കും വരെ ആക്രമണം തുടരുമെന്ന് റഷ്യ അറിയിച്ചു. ഭൂമിയിൽ നിന്ന് തൊടുക്കാവുന്ന മിസൈലുകളും ആണവ അന്തർവാഹിനികളും പരിശീലനത്തിന് തയ്യാറാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നിർദ്ദേശം നൽകി. സൈബീരിയയിലെ വനമേഖലയിൽ മിസൈലുകളും ബാരന്റ് കടലിൽ ആണവ അന്തർവാഹിനികളും പരിശീലനം നടത്തുമെന്നാണ് വിവരം. മുൻപ് യുക്രെയിൻ അതിർത്തികളിൽ സേനാ പരിശീലനം എന്ന പേരിൽ റഷ്യ സംഘടിപ്പിച്ച സൈന്യമാണ് യുക്രെയിനിലേക്ക് കടന്നുകയറിയത്. പുടിന്റെ തീരുമാനത്തിനെതിരെ യുദ്ധം നി‌ർത്തണമെന്ന് ആവശ്യപ്പെട്ട് തുർക്കി ഉൾപ്പടെ രാജ്യങ്ങൾ ഇന്ന് മുന്നോട്ട് വന്നിട്ടുണ്ട്.