biden

വാഷിംഗ്ടൺ: യുക്രെയിനിലെ യുദ്ധത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്ക യുക്രെയിനൊപ്പമാണെന്നും സാമ്പത്തിക സഹായം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ റഷ്യയെ രൂക്ഷമായി വിമർശിച്ചത്.

ആക്രമണത്തിന് റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ ബൈഡൻ, റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്നും വ്യക്തമാക്കി. പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.

റഷ്യയുടെ നുണകളെ സത്യം കൊണ്ട് നേരിട്ടെന്ന് ബൈഡൻ അവകാശപ്പെട്ടു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച പുടിൻ ഉപരോധത്തോടെ ഒറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ വ്യോമപാതയിൽ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായും ബൈഡൻ അറിയിച്ചു.

ജോ ബൈഡൻ ഇന്നലെ യുക്രെയിൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്‌കിമായി ഫോണിൽ സംസാരിച്ചിരുന്നു. 'ഈ അക്രമിയെ എത്രയും വേഗം തടയണം' എന്ന് സെലെൻസ്‌കി ബൈഡനോട് ആവശ്യപ്പെട്ടു. എല്ലാം സഹായങ്ങളും നൽകുമെന്ന് യുഎസ് പ്രസിഡന്റ് സെലൻസ്കിയോട് പറഞ്ഞിരുന്നു.