
കീവ്: റഷ്യൻ ആക്രമണം ഏഴാം ദിവസം പിന്നിടുമ്പോൾ സേനയ്ക്കൊപ്പം രാജ്യത്തെ സംരക്ഷിക്കാൻ തങ്ങളാവും വിധം മുന്നിട്ടിറങ്ങുന്ന യുക്രെയിനികളുടെ വാർത്തകളാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്. ശത്രുവിന്റെ ശക്തിയിൽ ഭയക്കാതെ തോക്കും ബോംബും മറ്റുമായി സ്ത്രീകളും പ്രായമായവരുമടക്കം പോരാട്ടത്തിനിറങ്ങുന്ന കാഴ്ച ലോകത്തെയാകെ അതിശയിപ്പിക്കുകയാണ്. ഏറ്റവും ഒടുവിലായി യുക്രെയിൻകാരിയായ വൃദ്ധ സ്വന്തമായി ബോംബുണ്ടാക്കി ശത്രുക്കളെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്.
നാടിനായി പോരാടൂ എന്ന് പ്രസിഡന്റ് സെലൻസ്കി ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെ മുൻ പ്രസിഡന്റും മേയറും പാർലമെന്റ് അംഗവും കായികതാരങ്ങളുമടക്കം നിരവധിപേരാണ് റഷ്യൻ പട്ടാളത്തെ നേരിടാൻ രംഗത്തിറങ്ങിയത്. അടുത്തിടെ യുക്രെയിനിലെ മദ്യനിർമാണശാലയായ പ്രാവ്‌ഡ മദ്യത്തിന് പകരമായി മൊളൊടോവ് കോക്‌ടെയിൽ എന്ന ബോംബ് നിർമിക്കുകയാണെന്ന വാർത്ത വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് റയിസ സ്മാട്‌കോ എന്ന വൃദ്ധ ഗൂഗിളിന്റെ സഹായത്തോടെ സ്വന്തമായി മൊളൊടോവ് കോക്‌ടെയിൽ നിർമിച്ച് ശത്രുക്കളെ വെല്ലുവിളിക്കുന്നത്.
മുൻ സാമ്പത്തിക വിദഗ്ദ്ധ കൂടിയായ റയിസ സ്മാട്‌കോ അന്താരാഷ്ട്ര മാദ്ധ്യമത്തിനാണ് തന്റെ ബോംബ് ശേഖരം വെളിപ്പെടുത്തിയത്. റഷ്യൻ സേനയോട് പോരാടാൻ തങ്ങൾ തയ്യാറാണെന്നും റയിസ പറയുന്നു.
A grandmother and retired economist tells @clarissaward she learned how to make Molotov cocktails using Google. "Let those Russian sh*ts come here," she says. "We are ready to greet them." pic.twitter.com/t3URCCdkD6
— Kaitlan Collins (@kaitlancollins) February 28, 2022
പിന്നാലെ നിരവധി പേരാണ് റയിസ സ്മാട്‌കോയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഒരു വനിത തന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുകയാണെന്നുംയുക്രെയിൻ ലോകത്തിനാകെ മാതൃകയാണെന്നും പലരും കുറിച്ചു.