pinarayi-

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെടുക്കുക എന്നത് ഇനിമേൽ സർക്കാരിന്റെ ബാദ്ധ്യതയാകില്ലെന്ന നിലപാട് പ്രഖ്യാപിച്ച് സി.പി.എം വികസന നയരേഖ. സംസ്ഥാനസമ്മേളനത്തിൽ രണ്ട് മണിക്കൂർ സമയമെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖ, സി.പി.എമ്മിന്റെ ചട്ടക്കൂടിനെ അടിമുടി പൊളിച്ചെഴുതുന്ന പരിഷ്കരണരേഖയായാണ് വിലയിരുത്തപ്പെടുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് ഉറപ്പാക്കേണ്ടത് സ്ഥാപനത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ബാദ്ധ്യതയാണെന്നാണ് രേഖ വ്യക്തമാക്കുന്നത്. സ്വകാര്യവത്കരണ യുഗത്തിലേക്ക് മാറിയ കാലത്ത് അതിനൊത്ത മത്സരക്ഷമതയും പ്രൊഫഷണൽമികവുമുറപ്പാക്കി പൊതുമേഖലയുടെ മികവുറപ്പാക്കണമെന്ന് രേഖ നിർദ്ദേശിക്കുന്നു. ശമ്പള ആനുകൂല്യം എന്തുവന്നാലും കിട്ടുമെന്നിരിക്കെ സ്ഥാപനത്തോട് പ്രതിബദ്ധതയില്ലാത്ത ട്രേഡ് യൂണിയനിസം ഒരു തെറ്റാണെന്ന് വിളിച്ചുപറയുകയാണ് സി.പി.എം നയരേഖ. തൊഴിലാളിവർഗത്തിന്റെ വർഗസമര കാഴ്ചപ്പാടിനെ പാടേ തിരുത്തിയെഴുതുന്ന നയരേഖ വരുംനാളുകളിൽ വ്യാപക ചർച്ചയ്ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്.

കാർഷിക മേഖലയിലെ ഉല്പാദനക്ഷമത ഉയർത്താനാവശ്യമായ പരിഷ്കരണങ്ങളെ പ്രോത്സാഹിപ്പിക്കണം. വ്യവസായമേഖലയിൽ കൂടുതൽ മൂലധന നിക്ഷേപങ്ങൾക്ക് വഴിയൊരുക്കണം. പി.പി.പി മോഡൽ വ്യാപകമാക്കണം. ഉന്നത വിദ്യാഭ്യാസമേഖലയിലേക്കും വിദേശനിക്ഷേപം കടന്നുവരുന്നതിന് അയിത്തം കല്പിക്കേണ്ടെന്നാണ് സി.പി.എം രേഖ നിർദ്ദേശിക്കുന്നത്.

രണ്ട് മണിക്കൂർ അവതരിപ്പിച്ചിട്ടും പൂർത്തിയാവാതിരുന്നതോടെ, രേഖ പ്രതിനിധികൾക്കിടയിൽ സർക്കുലേറ്റ് ചെയ്ത് ഗ്രൂപ്പ് ചർച്ചയിലൂടെ മൂർത്തരൂപം വരുത്താൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.