
തിരുവനന്തപുരം: ജഡ്ജിക്കുന്നിൽ യുവതിക്കും ഭർത്താവിനും നേരെയുണ്ടായ അക്രമത്തിൽ പൊലീസ് പിടിയിലായ സുരേഷിന്റെ മരണത്തിലും തിങ്കളാഴ്ച ഉച്ച മുതൽ രാത്രി വരെ സ്റ്റേഷന് മുന്നിൽ സംഘർഷ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ നീണ്ടതിലും തിരുവല്ലം പൊലീസിന് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഞായറാഴ്ച രാത്രിയോടെയാണ് സുരേഷ് ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായത്.
കസ്റ്റഡിയിൽ സുരേഷിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരെ കാര്യങ്ങൾ യഥാവിധം അറിയിക്കുന്നതിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലും താമസമുണ്ടായെന്നാണ് നിരീക്ഷണം. സുരേഷ് മരിച്ചശേഷം സ്റ്റേഷന് മുന്നിൽ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും കസ്റ്റഡിയിലുള്ള മറ്റ് നാലുപ്രതികളെ അടുത്ത സ്റ്റേഷനിലേക്ക് മാറ്റാനോ റിമാൻഡ് നടപടികൾ നടത്താനോ കഴിഞ്ഞില്ല. സ്റ്റേഷനിൽ ജനക്കൂട്ടം ഇരച്ചുകയറി സുരക്ഷാ ഭീഷണിയുണ്ടാക്കിയത് അതീവഗൗരവമാണ്.
ഗേറ്റോ മതിലോ ഇല്ലാത്ത പൊലീസ് സ്റ്റേഷനാണ് തിരുവല്ലം. പ്രതിഷേധം തടയാൻ റോഡിൽ നിന്ന് സ്റ്റേഷനിലേക്കുള്ള വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് സ്റ്റേഷൻ പ്രവർത്തനം തടസപ്പെടാതെ സൂക്ഷിക്കാനും കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. കസ്റ്റഡി മരണവും മണിക്കൂറുകൾ നീണ്ട നാട്ടുകാരുടെ പ്രതിഷേധവും അരങ്ങേറിയിട്ടും ഫോർട്ട് അസി. കമ്മിഷണറൊഴികെ ഉന്നത ഉദ്യോഗസ്ഥരാരും പ്രശ്‌നത്തിൽ ഇടപെടാനോ പ്രതിഷേധക്കാരുമായി ചർച്ചയ്ക്കോ മുതിരാതിരുന്നതും ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.
രാത്രി ഏറെ വൈകിയാണ് ഡെപ്യൂട്ടി കമ്മിഷണർ അങ്കിത് അശോക് തിരുവല്ലം സ്റ്റേഷനിലെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്. പ്രശ്‌നത്തിൽ ഇടപെടാൻ വിസമ്മതിച്ച ഉന്നത ഉദ്യോഗസ്ഥരുടെ ഒളിച്ചുകളി സേനയിലും ചർച്ചയായിട്ടുണ്ട്. അതേസമയം സുരേഷിന്റെ ബന്ധുക്കൾ, നാട്ടുകാർ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ എന്നിവരെക്കൂടാതെ മണ്ണ് മാഫിയ സംഘങ്ങളിലെ കണ്ണികളും സ്റ്റേഷനിൽ തടിച്ചുകൂടിയവരിലുണ്ടെന്നാണ് റിപ്പോർട്ട്. മണ്ണ് കടത്തിന് കുപ്രസിദ്ധമായ തിരുവല്ലത്ത് മാസപ്പടിക്ക് പകരം ലോഡിന്മേൽ പടി വാങ്ങുന്നതിൽ മണ്ണ്ലോബികൾ രോഷാകുലരാണ്. പൊലീസിനെതിരെ കിട്ടിയ സന്ദർഭം അവരും ഉപയോഗപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷനിൽ നിന്ന് റോഡിലേക്ക് ഉപരോധം നീണ്ടത് തടയാൻ കഴിയാതെ പോയതും പൊലീസിന്റെ വീഴ്ചയാണ്.
കസ്റ്രഡി മരണത്തിൽ എസ്.ഐയെ മാറ്റി നിറുത്തുകയും മറ്റുള്ളവർക്കെതിരെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്‌തശേഷമാണ് കഴിഞ്ഞദിവസം രാത്രി വൈകി സംഘർഷാവസ്ഥയ്‌ക്ക് അയവുണ്ടായത്.