
ബംഗളൂരു: യുക്രെയിൻ-റഷ്യ സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം ഖാർകീവിൽ വച്ച് ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ചിരുന്നു. ഭക്ഷണം വാങ്ങാൻ ക്യൂവിൽ നിൽക്കവെയാണ് ഖാർകീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ നവീൻ ശേഖരപ്പ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ലോകത്തിന്റെ പല ഭാഗത്തുമുള്ല ജനങ്ങൾ നവീന് അനുശോചനം അറിയിക്കുകയാണ്. ഒറ്റപ്പെട്ട ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ല ശ്രമങ്ങൾ ഇന്ത്യ ഇപ്പോഴും തുടരുകയാണ്. എന്നാൽ അതിനിടെ സുപ്രധാന ചർച്ചാവിഷയമാകുന്നത് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായമാണ്.
'മകന് പ്ലസ്‌ടുവിന് 97 ശതമാനം മാർക്ക് ലഭിച്ചിട്ടും സംസ്ഥാനത്ത് മെഡിക്കൽ സീറ്റ് നേടാൻ കഴിഞ്ഞില്ല. ഒരു മെഡിക്കൽ സീറ്റിനായി കോടിക്കണക്കിന് രൂപ നൽകണം. എന്നാൽ കുറച്ച് പണം ചെലവഴിച്ചാൽ ഇതേ വിദ്യാഭ്യാസം വിദേശത്തു നിന്നും ലഭിക്കുന്നു. '- നവീനിന്റെ അച്ഛൻ പറയുന്നു. നവീനിന്റെ മൃതദേഹം എത്തിക്കുന്നതിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും മൃതദേഹം ഉടൻ നാട്ടിലെത്തിക്കണമെന്നും കുടുംബം അറിയിച്ചു.
അതേസമയം വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90ശതമാനം പേരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകൾ വിജയിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിനെ പറ്റി ആ രാജ്യത്തെ പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്നും കഴിഞ്ഞാൽ കർണാടകയിൽ ഇതേ സൗകര്യങ്ങളോടെ കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസം നൽകുന്ന കാര്യം കൊണ്ടുവരുമെന്നും മന്ത്രി അമിത് ദേശ്‌മുഖ് പറഞ്ഞു. വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കാൻ പോകുന്നതിന്റെ കാരണങ്ങൾ എല്ലാം വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.