
കീവ്: അധിനിവേശം ആരംഭിച്ച് ആറാം ദിവസം പിന്നിടുമ്പോഴും യുക്രെയിനെതിരെ റഷ്യ ശക്തമായി തന്നെ ആക്രമണം അഴിച്ചുവിടുകയാണ്. കരസേനയുടെ ആക്രമണത്തിന് പുറമേ ബോംബുകളും ഷെല്ലുകളും മിസൈലുകളുമാണ് റഷ്യ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ അമേരിക്ക പോലുള്ള മിക്ക ലോകരാജ്യങ്ങളും കണക്ക് കൂട്ടിയിരുന്ന റഷ്യയുടെ വ്യോമാക്രമണം ആശയകുഴപ്പത്തിൽ തന്നെ തുടരുകയാണ്. വ്യോമശക്തിയിൽ ലോകത്തിൽ രണ്ടാമനായ റഷ്യ ഇതുവരെ വ്യോമാക്രമണം കാര്യമായി തുടങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുമുണ്ട്.
സ്വന്തം വിമാനങ്ങൾക്കും പൈലറ്റുമാർക്കും അപകടം ക്ഷണിച്ചുവരുത്തുന്ന ഒന്നും ഇപ്പോൾ ചെയ്യാൻ റഷ്യ ഉദേശിക്കുന്നില്ല എന്നതാണ് ഒരു കാരണം. യുക്രെയിൻ നിർമിതിയായ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ മിരിയ റഷ്യ തകർത്തിരുന്നു. മാത്രമല്ല യുക്രെയിനിന്റെ റഡാറുകളും വ്യോമസംവിധാനവും ക്രൂസ്, ബാലിസ്റ്റിക് മിസൈുകൾ എന്നിവ ഉപയോഗിച്ച് തകർത്തു. എന്നാൽ റഷ്യയുടെ ആക്രമണത്തെ നേരിടാൻ പോരാട്ടവീര്യം ഒട്ടും ചോരാതെ തന്നെ യുക്രെയിൻ വ്യോമശക്തി മുന്നിലുണ്ട്. നിരവധി റഷ്യൻ ഹെലികോപ്ടറുകൾ യുക്രെയിനും തകർത്തിരുന്നു.
വി കെ എസ് എന്ന് മറ്റൊരു പേരുള്ള റഷ്യൻ വ്യോമസേന ഇപ്പോഴും വേണ്ട രീതിയിൽ ആക്രമണത്തിന് മുതിരാത്തതിന് പിന്നിലെ മറ്റൊരു കാരണം പ്രിസിഷൻ ഗൈഡഡ് മുനിഷൻ ആണ്. വിമാനങ്ങളിൽ നിന്ന് കൃത്യമായി ടാർഗറ്റിനെ ലക്ഷ്യം വച്ച് ആക്രമിക്കുന്ന രീതിയാണിത്. എന്നാൽ ഇതിന് വേണ്ട മിസൈലുകളുടെയും ആയുധങ്ങളുടെയും കുറവും റഷ്യക്ക് വൻ തിരിച്ചയാകുന്നു. ഇനിയും അധികമായി ആയുധങ്ങൾ ഉപയോഗിച്ച് പാഴാക്കണ്ട എന്ന ചിന്തയും റഷ്യക്കുണ്ടാകാം.യുക്രെയിൻ പട്ടാളമെന്ന് തെറ്റിദ്ധരിച്ച് സ്വന്തം സേനയ്ക്ക് നേരെ തന്നെ ആക്രമണം നടത്തുമോയെന്നും സ്വന്തം കരസേനയിൽ നിന്ന് തിരിച്ചും ആക്രമണം നേരിടുമോയെന്നും റഷ്യൻ വ്യോമസേനയ്ക്ക് ആശങ്കയുണ്ട്. മാത്രമല്ല റഷ്യയുടെ കരസേനയും വായുസേനയും തമ്മിലെ ഏകോപനം മികച്ചതല്ലാത്തതും പരിചയ സമ്പന്നരായ പൈലറ്റുമാരുടെ ലഭ്യതകുറവും റഷ്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. കീവിലെ പ്രേതം എന്നറിയപ്പെടുന്ന ഫൈറ്റർ ജെറ്റ് റഷ്യയുടെ ആറ് ഹെലികോപ്ടറുകളെ ഒറ്റയടിക്ക് തകർത്തതും റഷ്യ ഭയക്കുന്നു.
ആക്രമണത്തിന് മുന്നോടിയായി ആയിരക്കണക്കിന് യുദ്ധവിമാനങ്ങൾ റഷ്യ തയ്യാറാക്കി നിർത്തിയിരുന്നു. എന്നാൽ അമേരിക്കയുടെ റിപ്പോർട്ടുകൾ പ്രകാരം 75ഓളം വിമാനങ്ങൾ മാത്രമാണ് യുദ്ധത്തിനായി നിലവിൽ റഷ്യ ഉപയോഗിക്കുന്നത്.