vismaya

ന്യൂഡൽഹി: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഏഴ് ദിവസത്തെ ജാമ്യത്തിനാണ് പ്രതിഭാഗം സുപ്രീംകോടതിയെ സമീപിപ്പിച്ചത്. ഹർജി അംഗീകരിച്ച സുപ്രീംകോടതി കിരൺ കുമാറിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന കേരള സർക്കാരിന്റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, കിരണിന്റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.