
ന്യൂഡൽഹി : റഷ്യ യുക്രെയിൻ യുദ്ധത്തിൽ യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യ ഓപ്പറേഷൻ ഗംഗയ്ക്ക് രൂപം നൽകിയിരുന്നു. ഏകദേശം 18000 ഇന്ത്യക്കാർ യുക്രെയിനിലുണ്ടെന്നാണ സർക്കാർ നൽകുന്ന വിവരം. ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യയുടെ വിമാനങ്ങളെയാണ് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഓപ്പറേഷൻ ഗംഗയുടെ ചുക്കാൻ വ്യോമസേനയ്ക്ക് കൈമാറിയിരിക്കുകയാണ്. യുദ്ധമുഖത്ത് നിന്നും പൗരൻമാരെ രക്ഷിച്ചെടുക്കാൻ ഇന്ത്യൻ വ്യോമസേന അമേരിക്കൻ നിർമിത സി17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പ്രതിസന്ധി പക്ഷി
ഭീമൻ ചരക്ക് വിമാനമായ സി17 ഗ്ലോബ്മാസ്റ്ററിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു രക്ഷകന്റെ സ്ഥാനമാണ് ഉള്ളത്. ഒറ്റപറക്കലിൽ 850 ആളുകളെ സുരക്ഷിതമായി എത്തിക്കാമെന്നതാണ് സി17 ഗ്ലോബ്മാസ്റ്ററിന്റെ പ്രത്യേകത. യെമനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുവാനും സി17 ഗ്ലോബ്മാസ്റ്ററിന് കഴിഞ്ഞു. ലോകരാജ്യങ്ങളുടെ കൈയടി നേടിയതായിരുന്നു യെമനിൽ നിന്നും പൗരൻമാരെ രക്ഷിക്കാൻ ഇന്ത്യ നടപ്പിലാക്കിയ 2015ലെ ഓപ്പറേഷൻ റാഹത്ത്. യെമൻ സർക്കാരും ഹൂതി വിമതരും തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് ഓപ്പറേഷൻ റാഹത്ത് നടത്തിയത്. സംഘർഷത്തിനിടെ യെമനിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് ഇന്ത്യക്കാരെയും നൂറുകണക്കിന് വിദേശ പൗരന്മാരെയുമാണ് ഇന്ത്യയുടെ നേതൃത്വത്തിൽ അന്ന് രക്ഷപ്പെടുത്തിയത്.
2020ൽ കൊവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയപ്പോൾ 60 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളും പൗരന്മാരുമാണ് ചൈന ഉൾപ്പടെ ലോകത്തെ പലഭാത്തും കുടുങ്ങിയത്. കൊവിഡ് ഭീതിയിൽ എല്ലാ അന്താരാഷ്ട്ര യാത്രാ സേവനങ്ങളും അടച്ചുപൂട്ടുന്നതിലേക്ക് എത്തിയതോടെ പ്രതിസന്ധി കടുത്തു. ഈ പ്രതിസന്ധിയിലും തളരാരെ മുന്നോട്ടുപോയ കേന്ദ്രസർക്കാർ ചാർട്ടേഡ് ഫ്‌ളൈറ്റുകളും നാവിക കപ്പലുകളും മറ്റ് മാർഗങ്ങളും ഉപയോഗിച്ച് എല്ലാ ഇന്ത്യക്കാരെയും ദിവസങ്ങൾക്കുള്ളിൽ സുരക്ഷിതമായി നാട്ടിലെത്തിച്ചു. മറ്റുചില രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തി ലോകത്തിന്റെ കൈയടി നേടിയിരുന്നു. ഈ ഓപ്പറേഷനിൽ കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സി17 ഗ്ലോബ്മാസ്റ്ററിനെയാണ് വ്യോമസേന ഉപയോഗിച്ചത്.

അഫ്ഗാൻദൗത്യം: കഴിഞ്ഞവർഷം അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് അവിടെ കുടുങ്ങികയത്. എന്തിനും മടിക്കാത്ത കൊടും ഭീകരരാണ് താലിബാൻ. ഒപ്പം ഇന്ത്യയോട് കടുത്ത ശത്രുതയും. പക്ഷേ, ഇതൊന്നും രക്ഷാദൗത്യത്തിൽ നിന്ന് പിന്മാറാൻ ഇന്ത്യയ്ക്ക് കാരണങ്ങളായിരുന്നില്ല. ഇന്ത്യക്കാർക്കൊപ്പം അഫ്ഗാൻ അഭയാർത്ഥികളുമായാണ് ഇന്ത്യൻ വിമാനങ്ങൾ നാട്ടിലേക്ക് പറന്നത്. താജികിസ്ഥാൻ വഴിയും ദോഹ വഴിയുമൊക്കെയാണ് വിമാനങ്ങൾ ഡൽഹിയിലെത്തിയത്. താജികിസ്ഥാൻ വഴി എത്തിയ വിമാനത്തിലുണ്ടായിരുന്നവർ വിമാനം നിലംതൊട്ടപ്പോൾ 'ഭാരത് മാതാ കീ ജയ്' വിളിച്ചത് ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു. പരമാവധി ശേഷി ഉറപ്പാക്കാൻ സി 17 ഗ്ലോബ്മാസ്റ്ററിലെ സീറ്റുകൾ ഇളക്കിമാറ്റി പ്ലാറ്റ്‌ഫോമിലാണ് ആളുകളെ കൊണ്ട് വന്നത്.
ഈ രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം കൊവിഡ് 19 ന്റെ ഏറ്റവും മോശം ഘട്ടമായ രണ്ടാം തരംഗത്തിൽ ഓക്സിജൻ ടാങ്കറുകൾ അതിവേഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുവാൻ സി 17 ഗ്ലോബ്മാസ്റ്ററിനെയാണ് വ്യോമസേന ആശ്രയിച്ചത്. ചൈന അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചപ്പോൾ അതിവേഗം ആയുധങ്ങളെ വിന്യസിക്കാനും ഗ്‌ളോബ്മാസ്റ്റർ കരസേനയെ സഹായിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഈ ജംബോ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന് 80 ടൺ വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഇതിനൊപ്പം എത്ര വെല്ലുവിളി നിറഞ്ഞ എയർ സ്ട്രിപ്പിലും ലാന്റ് ചെയ്യാനും കഴിയും.

നിലവിൽ യുക്രെയ്നിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാനും സി17 വിന്യസിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലോടെ വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു. ഡൽഹിക്ക് സമീപമുള്ള ഹിന്ദാൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് വിമാനം പറന്നുയർന്നത്. യുക്രെയ്നിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന കൂടുതൽ സി17, ഐഎൽ76 ട്രാൻസ്‌പോർട്ട് വിമാനങ്ങളെ ഉപയോഗിച്ചേക്കും. ഇതിന് പുറമേ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 26 വാണിജ്യ വിമാനങ്ങളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, റൊമാനിയ എന്നിവിടങ്ങളിലേക്ക് ഇന്ത്യ വാണിജ്യ വിമാനങ്ങൾ എത്തുന്നത്.