
മുംബയ് : നീല നിറത്തിലുള്ള ലംബോർഗിനിയുടെ ആഡംബര എസ്.യു.വി ഉറുസ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ രോഹിത് ശർമ. 3.15 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
നീല നിറത്തിലുള്ള ബി.എം.ഡബ്ല്യു എം ഫൈവ് ആണ് രോഹിത് നേരത്തേ ഉപയോഗിച്ചിരുന്നത്. പാുതിയ വാഹനത്തിന്റെ ഇന്റീരിയറിൽ പ്രത്യേകം തയാറാക്കിയ ചെറി റെഡ്, കറുപ്പ് ഇന്റീരിയർ നിറങ്ങളാണ്. കൂടാതെ സിൽവർ ഇൻസേർട്ടുകളും രോഹിത് ശർമയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വരുത്തിയ മാറ്റങ്ങളുമുണ്ട്.
കാറിനു കരുത്തേകുന്നത് നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്. 650 ബിഎച്ച്പി വരെ കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി. മണിക്കൂറിൽ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം.
ലംബോർഗിനിയുടെ ആദ്യ എസ്.യു.വിയായ ഉറുസിന്റെ ആഗോളതലത്തിലെ അരങ്ങേറ്റം 2017 ഡിസംബറിലായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ അവതരണത്തിന് ഒരു വർഷത്തിന് ശേഷം 2018ലാണ് ഉറുസ് ഇന്ത്യയിൽ എത്തിയത്.