e

ഡോ. ആർ.എസ്. സിന്ധു

ഫോട്ടോ: ശ്രീകുമാർ ആലപ്ര

കൂട്ടായപ്രയത്‌നത്തിന്റെ വിജയമായിരുന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആദ്യത്തെ കരൾമാറ്റ ശസ്ത്രക്രിയ. ഒട്ടേറെ വെല്ലുവിളികൾ നേരിട്ട്, ആ മെഡിക്കൽ ടീമിന് നേതൃതം നൽകിയ ഡോ. ആർ.എസ്. സിന്ധുവിന്റെ ജീവിതമറിയാം വനിതാദിനമെത്തുമ്പോൾ...

പ്രണയം കൊണ്ട് ലോകം ചുവന്നുതുടുക്കുന്ന ആ ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഹൃദ്‌രോഗ ശസ്ത്രക്രിയാ തിയേറ്ററിൽ രണ്ട് കരളുകൾ ഒന്നു ചേർന്നു. പ്രാണന്റെ പ്രാണനെ കാക്കാൻ സ്‌നേഹം നിറച്ചുവച്ച കരൾ പകുത്തു കൊടുത്ത പ്രവിജ, തന്റെ പ്രിയ പാതിയുടെ പിന്തുണയിൽ ജീവിതത്തിൽ നിറഞ്ഞ പ്രതീക്ഷകളോടെ വീണ്ടും പിച്ചവച്ചു നടന്ന സുബീഷ്. സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. ആർ.എസ്.സിന്ധുവിന്റെ നേതൃത്വത്തിൽ അതിസങ്കീർണമായ ആ ശസ്ത്രക്രിയ വിജയപഥത്തിലെത്തിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഭിമാനം വാനോളമുയർന്നു. പോളിയോ ബാധിച്ച വലതുകാലിന്റെ ശേഷിക്കുറവിനെ ഒട്ടും വകവയ്‌ക്കാതെ ഇടത് കൈയിൽ എൽബോ ക്രച്ചസ് ചേർത്തുവച്ച് മണിക്കൂറുകളോളം ഒറ്റ നിൽപ്പിലാണ് അവർ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഹൃദ്‌രോഗ വിദഗ്ദ്ധനും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ.ജയകുമാർ, പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം പ്രൊഫസറുമായ ഡോ. കെ. പി. ജയകുമാർ എന്നിവരായിരുന്നു മേൽനോട്ടം. സുബീഷിന് പുനർജന്മമേകിയ 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയ ചരിത്രമാകുമ്പോൾ അതിന്റെ ക്രെഡിറ്റ് മുഴുവൻ സഹപ്രവർത്തകരുടെ അർപ്പണബോധത്തിന് നൽകുകയാണ് ഡോ.സിന്ധു. ആത്മാർത്ഥതയുള്ള ജീവനക്കാരുണ്ടെങ്കിൽ ഇനിയുമേറെ മുന്നോട്ടുപോകാനാകുമെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ഒരിക്കൽ കൂടി തെളിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ 25 ലക്ഷത്തിലേറെ രൂപ ചെലവാകുന്ന ശസ്ത്രക്രിയയാണ് പത്ത് ലക്ഷത്തിൽ താഴെയുള്ള ചെലവിൽ ഇവിടെ സാദ്ധ്യമായത്. കാരുണ്യ ചികിത്സാ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചാൽ ചെലവ് വീണ്ടും കുറയുമെന്നാണ് പ്രതീക്ഷ.

ee
കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയാ ടീമിലുണ്ടായിരുന്ന ഓങ്കോളജി സർജറി മേധാവി ഡോ.ടി.വി മുരളി, സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ജീവൻ ജോസഫ് ജോസ്, ഡോ.ഡൊമിനിക് മാത്യു, ഡോ.തുൾസി ചോട്ടായ് എന്നിവർ വകുപ്പ് മേധാവി ഡോ.ആർ.എസ്.സിന്ധുവിനൊപ്പം

ഒരു വർഷത്തെ പ്രയത്നം

കഴിഞ്ഞ സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടങ്ങാൻ തീരുമാനമാകുന്നത്. അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ദൗത്യമേൽപ്പിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് പതിറ്റാണ്ടായി സേവനസന്നദ്ധയായ ഡോ. സിന്ധുവിനെ. ദൗത്യമേറ്റെടുത്ത് 2021 ഫെബ്രുവരിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചാർജെടുക്കുമ്പോൾ ഡിപ്പാർട്ട്‌മെന്റിന് ഒരു കെട്ടിടം മാത്രമാണുണ്ടായിരുന്നത്. എല്ലാം ഒന്നുമുതലേ തുടങ്ങി. ഏപ്രിലിൽ ഒ.പി തുടങ്ങി. ടീമിനെ വാർത്തെടുത്ത് പത്ത് മാസത്തിനകം ആദ്യ ശസ്ത്രക്രിയ നടത്തിയപ്പോൾ അതിന് പിന്നിലുള്ള പരിശ്രമങ്ങൾ അത്രയധികമായിരുന്നു.

ലീവെടുത്ത് കിംസിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഡോ. സിന്ധുവുമുണ്ടായിരുന്നു. അഞ്ച് വർഷം മുന്നേ ഡോ. സിന്ധു ശസ്ത്രക്രിയയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലേയ്‌ക്ക് പോകും മുമ്പ് ചെന്നൈ ഗ്ലോബൽ ഹോസ്‌പിറ്റലിൽ പോയി പഠിച്ചു. ഒരു വർഷം അവധി എടുത്ത് തിരുവനന്തപുരം കിംസ് ഹോസ്‌പിറ്റലിൽ ജോലിയും ചെയ്‌തു. അവിടെ തന്നെ തുടരാൻ പലരും നിർബന്ധിച്ചു. വർഷങ്ങളായി വ്യക്തിപരമായി അടുപ്പമുള്ള സാധാരണ രോഗികളുടെ കണ്ണീരണിഞ്ഞ മുഖം മനസിന്റെ കണ്ണാടിയിൽ പലവട്ടം പ്രതിഫലിച്ചു. ആ തീരുമാനത്തിനൊപ്പം കുടുംബവും നിന്നു. തങ്ങളുടെ പ്രിയപ്പെട്ട ഡോക്‌ടർ മറ്റൊരു ആശപത്രിയിലാണെന്നറിഞ്ഞ് മെഡിക്കൽ കോളേജിലെ പല രോഗികളും അവരെ തേടി കിംസിലേക്ക് എത്തി. ആ രോഗികളോട് പണം വാങ്ങേണ്ടെന്ന നൻമയുള്ള തീരുമാനമെടുത്ത് മാനേജ്‌മെന്റ് കൂടെ നിന്നു. തന്റെ സേവനമത്രയും മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികളുടെ കൂടെ മതിയെന്ന് തീരുമാനിക്കാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. ''നല്ല ശമ്പളം വാങ്ങി എല്ലാസൗകര്യങ്ങളും ആസ്വദിച്ച് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യാൻ ഒരുപാട് ഡോക്‌ടർമാരുണ്ടാവും. പക്ഷേ, ഇവിടെ സാധാരണക്കാർക്ക് സേവനം ചെയ്യാൻ ആളുകുറവായിരിക്കും. അതിലൊരാളാവാൻ ഞാൻ തീരുമാനിച്ചു.""

ഡോ.സിന്ധു പറഞ്ഞു.

e
സുബീഷും പ്രവിജയും

പ്രണയദിനമെന്ന അപൂർവത

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ടീമിനെ സജ്ജമാക്കുകയായിരുന്നു ആദ്യ കടമ്പ. ഒറ്റയ്‌ക്ക് ഒ.പി തുടങ്ങി. പിന്നാലെ ഡിപ്പാർട്ട്‌മെന്റിലേയ്‌ക്ക് ഡോക്ടർമാരായ ജീവൻ ജോസഫ് ജോസ്, ഡോമിനിക് മാത്യു, തുൾസി ചോട്ടായ് എന്നിവരൊപ്പം ചേർന്നു. ഓങ്കോളജി സർജറി മേധാവി ഡോ.ടി.വി മുരളി, ജനറൽ സർജറിയിലെ ഡോ. ജോസ് സ്റ്റാൻലി, ഡോ. മനൂപ് എന്നിവരുമായി നിരന്തരയോഗങ്ങളാം പഠനങ്ങളും ചർച്ചകളുമൊക്കെയായി ദിവസത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രിയിൽ. കുടുംബത്തേക്കാൾ സമയം ഇവർ ഏഴുപേരും ഒരുമിച്ച് ചെലവഴിച്ചു. അങ്ങനെ എല്ലാവരും ഒരു കുടുംബംപോലെയായി. രോഗികളുടെ പട്ടികയായപ്പോഴും കരളിനായുള്ള കാത്തിരിപ്പായിരുന്നു മറ്റൊരുവെല്ലുവിളി. അങ്ങനെയാണ് തൃശൂർ കുന്നംകുളം സ്വദേശികളായ സുബീഷും പ്രവിജയുമെത്തുന്നത്. സുബീഷിന്റെയും പ്രവിജയുടേയും രക്ത ഗ്രൂപ്പുകൾ പൊസിറ്റീവ് വിഭാഗത്തിലായത് അനുകൂലമായി. എ പൊസിറ്റീവായ സുബീഷിന്റേയും ഒ പൊസിറ്റീവായ പ്രവിജയുടേയും ശസ്ത്രക്രിയ മൂന്ന് തവണയാണ് മാറ്റിവയ്‌ക്കേണ്ടി വന്നു. ഒടുവിലാണ് പ്രണയദിനമെന്ന അപൂർവതയിൽ പ്രവിജയുടെ കരളിന്റെ കഷണം പ്രിയപ്പെട്ടവനിൽ അലിഞ്ഞു ചേർന്നു.

ശസ്ത്രക്രിയ ഹൃദ്‌രോഗ വിഭാഗത്തിൽ
ഹൃദ്‌രോഗ ശസ്ത്രക്രിയാ തിയറ്ററിലായിരുന്നു കരൾമാറ്റം. നെഫ്രോളജി വിഭാഗത്തിൽ കീഴിൽ അവയവ ദാനത്തിനായി പുതിയ മോഡുലർ ശസ്ത്രക്രിയാ തിയറ്ററുകൾ സ്ഥാപിച്ചെങ്കിലും സങ്കീർണമായ ആദ്യ ശസ്ത്രക്രിയയുടെ റിസ്‌കുകൾ ഒഴിവാക്കി ദിവസവും ശസ്ത്രക്രിയകൾ നടക്കുന്ന ഹൃദ്‌രോഗ ശസ്ത്രക്രിയാ വിഭാഗത്തിലെ മോഡുലർ തിയറ്റർ തിരഞ്ഞെടുക്കുകയായിരുന്നു. ഓരോദിവസത്തെയും കാര്യങ്ങൾ തിരക്കി മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും ഫോൺകോളിന്റെ അകലത്തിലുണ്ടായിരുന്നു.

വെല്ലുവിളികളേറെ

യുദ്ധഭൂമിയിലെ പട്ടാളക്കാരെപ്പോലെയായിരുന്നു കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ 30 അംഗം സംഘം. ദിവസങ്ങളോളം രാവും പകലുമില്ലാതെ തയ്യാറാക്കിയ പ്രത്യേക പദ്ധതി, നടപ്പാക്കാനുള്ള ആലോചനകൾ അങ്ങനെ നീണ്ടു. രാവിലെ ആറുമണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. പ്രവിജയുടെ കരൾ പാതിയോളം മുറിച്ചെടുത്തു. ഈ സമയം സുബീഷിന്റെ കരളിൽ നിന്ന് നീക്കം ചെയ്യേണ്ട അത്രയും ഭാഗം മാറ്റി. രാത്രി 9.45ന് പ്രവിജയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി ഐ.സി.യുവിലേയ്‌ക്ക് മാറ്റി. വൈകിട്ട് അഞ്ചരയോടെ സുബീഷിൽ കരളിന്റെ ഭാഗം വച്ചുപിടിച്ചു തുടങ്ങി. രാത്രി 10.40ന് സുബീഷിന്റെ ശസ്ത്രക്രിയയും പൂർത്തിയാക്കി. ഈ സമയമത്രയും വെള്ളംപോലും കുടിക്കാതെ സദാസേവന സജ്ജരായിരുന്നു നമ്മുടെ ആതുരസേവകർ. മാറ്റിവയ്ക്കപ്പെട്ട കരൾ സ്വീകർത്താവിന്റെ ശരീരം സ്വീകരിക്കാതെ വരുമെന്നതാണ് പ്രധാന വെല്ലുവിളി. അതിനെ തരണം ചെയ്യാനായത് മികച്ച തയ്യാറെടുപ്പുകൾക്കൊണ്ടാണ്.

ee
കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ.ആർ.എസ്.സിന്ധു ഹെഡ് നഴ്സ് സുമിതയ്ക്കും അറ്റൻഡർ സാബുവിനുമൊപ്പം

കൊടുക്കാം ഇവർക്കും കൈയടി

ഡോക്‌ടർമാർ മുതൽ അറ്റൻഡർമാർ വരെയുള്ള ടീംവർക്കിന് നന്ദി പറയുകയാണ് ഡോ.സിന്ധു. മെഡിക്കൽ ഗ്യാസ്‌ട്രോയിലെ ഡോ.സന്ദേഷ്, അനസ്‌തേഷ്യയ്‌ക്ക് നേതൃത്വം നൽകിയ ഡോ.ഷീല വറുഗീസ്, റേഡിയോളജി വിഭാഗത്തിലെ ഡോ.സജിത, ബ്ളഡ് ബാങ്കിലെ ഡോ.സുമ, പതോളജിയിലെ ഡോ.ശങ്കർ, മൈക്രോബയോളജിയിലെ ഡോ. ശ്രീകുമാരി, ജനറൽ സർജറിയിലെ ഡോ.അനിൽകുമാർ ചീഫ് നഴ്സിംഗ് ഓഫീസർ സുജാത, ഹെഡ് നേഴ്സുമാരായ സുമിത, മായാമോൾ, നഴ്സുമാരായ കെ.സി.സന്ധ്യ, ഹേന രാജൻ, ഹസ്‌ന, രശ്‌മി, ട്രീസ, പ്രജിഷ, ആൽവിൻ, അഞ്ജു പ്രകാശ്, സയന, ടിജോ, എസ്.സജിൻ, ഷാനിമോൾ, ജീമോൾ, മഞ്ജുഷ, നീതു വറുഗീസ്, ജാസ്‌മിൻ, ദീപ്തി, അഞ്ജു പി.സജി, പ്രദീപ്, തിയേറ്റർ ടീമിലെ സുമിത, ആതിര, ദിവ്യ, അനുമോൾ, ടിന്റു, ജീമോൾ അറ്റൻഡർമാരായ സാബു, സുനിത, സുധ, രതി, ബീന, സിന്ധു അങ്ങനെ കടപ്പാടിന്റെ പട്ടിക ഒരുപാടുണ്ട് സിന്ധുവിന്റെ മനസിൽ.

പോമോനെ പോളിയോ

മൂന്നാംവയസിൽ തളർത്താൻ നോക്കിയ പോളിയോ രോഗത്തോട് പൊരുതി ജയിച്ചയാളാണ് ഡോ. സിന്ധു. പ്രതിസന്ധികളിലെല്ലാം താങ്ങായി അച്‌ഛൻ ശശിധരൻ നായരും അമ്മ രാധയുമുണ്ടായിരുന്നു. ഡോക്‌ടറാകാൻ കൊതിച്ച് റേഡിയോ ഗ്രാഫറായ രാധ തന്റെ സ്വപ്നം പഠനത്തിൽ മിടുക്കിയായ മകളിലൂടെ നേടിയെടുക്കുകയായിരുന്നു. തമ്പാനൂർ 'നവനീത" ത്തിൽ രഘു എൻ. വാര്യരാണ് ഭർത്താവ്. മകൻ വിദ്യാർത്ഥിയായ നിരഞ്ജൻ കെ.വാര്യർ.

ഇനിയും വേണം സർക്കാരിന്റെ പിന്തുണ

ആദ്യശസ്ത്രക്രിയ്‌ക്കുള്ള ഉപകരണങ്ങളടക്കം കിംസിൽ നിന്നാണ് ലഭ്യമാക്കിയത്. ഇനി മുതൽ ആധുനിക ഉപകരണങ്ങളടക്കം എല്ലാ സൗകര്യങ്ങളും മെഡിക്കൽ കോളേജിൽ ഉണ്ടാവേണ്ടതുണ്ട്. കഴിവും കാര്യപ്രാപ്‌തിയുമുള്ളൊരു ടീമിനെ പരിശീലിപ്പിച്ചെടുക്കണം. നിയമനം നടത്തി സ്വയംപര്യാപ്‌തമാകും വരെ മറ്റു ആശുപത്രികളിലെ ഡോക്‌ടർമാരുടെ സേവനവും തേടേണ്ടി വരും.

''മരണാന്തര അവയവദാനം സർക്കാർ തലത്തിൽ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ദിവസവും സർക്കാർ ആശുപത്രികളിൽ ഒന്നിലേറെ മസ്‌തിഷ്‌ക മരണങ്ങൾ ഉണ്ടാകുമ്പോഴും അവയൊന്നും തന്നെ അവയവദാനത്തിലേയ്‌ക്ക് എത്തിക്കാൻ കഴിയുന്നില്ല. ഇത്രയും വിദ്യാസമ്പന്നരായ നമുക്ക് മരണാനന്തര അവയവദാനത്തിന്റെ പ്രസക്തി ബന്ധുക്കളെ ബോദ്ധ്യപ്പെടുത്താൻ സർക്കാർ തലത്തിൽ കൂടുതൽ സംവിധാനങ്ങളുണ്ടാവണം. അങ്ങനെ വന്നാൽ സ്വകാര്യ ആശുപത്രികളിലെ കരൾമാറ്റ ശസ്ത്രക്രിയകളുടെ വിജയനിരക്ക് സർക്കാർ മേഖലയിലും ആവർത്തിക്കപ്പെടും. ഒരുപാട് സാധാരണക്കാർക്ക് ഗുണകരമാകും."" ഡോ. സിന്ധു പ്രതീക്ഷയോടെ പറഞ്ഞു നിറുത്തി.