
സ്‌കൂൾ ബസ് അപകടത്തിൽപ്പെടാതെ വിദ്യാർത്ഥികളെ രക്ഷിച്ച് അഞ്ചാം ക്ലാസുകാരൻ. കാലടി ശ്രീമൂലനഗരം അകവൂർ ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ ആദിത്യൻ രാജേഷാണ് നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഡ്രൈവർ ഇല്ലാതെ ബസ് തനിയെ മുന്നോട്ട് നീങ്ങുകയായിരുന്നു.
സ്‌കൂളിന്റെ മുന്നിലുള്ള റോഡിലായിരുന്നു സംഭവം. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. ഗിയർ പതിയെ തെന്നിമാറി ബസ് പതുക്കെ നീങ്ങി. ഇതോടെ പേടിച്ച് കുട്ടികൾ കരയാൻ തുടങ്ങി. ഉടൻ ആദിത്യൻ ഡ്രൈവറുടെ സീറ്റിൽ ചാടിക്കയറി ബ്രേക്ക് ചവിട്ടുകയായിരുന്നു.
ശ്രീഭൂതപുരം വാരിശേരി രാജേഷ്- മീര ദമ്പതികളുടെ മകനാണ് ആദിത്യൻ. കുട്ടിയുടെ അമ്മാവൻ ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവനൊപ്പം ആദിത്യനും ലോറിയിൽ പോകാറുണ്ട്. അങ്ങനെയാണ് ബ്രേക്ക് ചവിട്ടി വണ്ടി നിർത്തുന്നത് കാണുന്നത്.