
ഉപചാരപൂർവം ഗുണ്ടാജയൻ തീയേറ്ററിൽ നിറഞ്ഞോടുന്നതിന്റെ സന്തോഷത്തിലാണ് ശബരീഷ് വർമ്മ. ഒരു വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓരോ കല്യാണ വീട്ടിലും കാണുന്ന ചെറിയ കാര്യങ്ങൾ പോലും ചിത്രത്തിൽ കൊണ്ടുവരാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
' തീയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ഞങ്ങളെല്ലാം ഒരുപാട് ആഗ്രഹിച്ച സിനിമയാണ്. കുറച്ചധികം ആളുകൾ ഒന്നിച്ചിരുന്ന് കണ്ട് രസിക്കേണ്ട ചിത്രമായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നതും. കല്യാണ വീടുകളിൽ കാണുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും സംവിധായകൻ അരുൺ വൈഗ ഇതിൽ കൊണ്ടു വന്നിട്ടുണ്ട്. അതിന് വേണ്ടി അദ്ദേഹം വിളിക്കാത്ത കല്യാണത്തിന് വരെ പോയിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുന്നേ അദ്ദേഹം വെഡിംഗ് ഫോട്ടോ ഗ്രാഫർ ആയിരുന്നു. അന്നത്തെ അനുഭവങ്ങളെല്ലം ചേർത്താണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. " ശബരീഷ് പറയുന്നു.
പ്രേമം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ഗോൾഡ് അധികം വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. 'ഏതാണ്ട് 85% ആൾക്കാരും പ്രേമത്തിലേത് തന്നെയാണ്. നിവിൻ പോളി പുതിയ ചിത്രത്തിൽ ഇല്ല. പകരം പൃഥ്വിരാജാണ് നായകൻ. പിന്നെ നയൻതാര വരുന്നുവെന്നൊരു വലിയ പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞു. അധികം വൈകാതെ ടീസറും പാട്ടുമെല്ലാം പ്രേക്ഷകരിലേക്ക് എത്തും."