tovino

ഒന്നിന് പിറകേ ഒന്നായി കൈ നിറയെ സിനിമകളാണ് ടൊവിനോ തോമസിന്. പക്ഷേ, സ്വപ്‌നം കണ്ട ജീവിതം താൻ നേടിയെടുത്തത് ഒരുപാട് നാളത്തെ കഠിനാദ്ധ്വാനത്തിനും കാത്തിരിപ്പിനും ഒടുവിലാണെന്ന് ടൊവിനോ പറയുന്നു.

കഥാപാത്രങ്ങൾ മികച്ചതാക്കുക എന്നത് നടൻ എന്ന നിലയിൽ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിന് വേണ്ടിയുള്ള കഷ്ടപ്പാടുകൾ കണ്ട് വീട്ടുകാർ ഒരുപാട് വേദനിച്ചിട്ടുണ്ടെന്നും ടൊവിനോ വെളിപ്പെടുത്തുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

' ഗപ്പി സിനിമ കാണുന്നത് തീയേറ്ററിൽ അമ്മയ്‌ക്കും അപ്പനും നടുവിൽ ഇരുന്നാണ്. ചിത്രത്തിൽ ഒരുപാട് സിഗററ്റ് വലിക്കുന്ന സീനുകളുണ്ട്. അത് കണ്ടിട്ട് അപ്പൻ പറഞ്ഞു ഒന്നുകിൽ നീ നല്ല നടനാണ്, അല്ലെങ്കിൽ നന്നായി സിഗററ്റ് വലിക്കുന്ന ആൾ. ഞാൻ അപ്പോൾ തന്നെ അപ്പനോട് പറഞ്ഞു,​ നല്ല നടനാണ്. അത് മതി. അന്ന് അങ്ങനെ പറഞ്ഞാണ് രക്ഷപ്പെട്ടത്.

ചെറുപ്പത്തിലേ നല്ല മടിയനാണ്. എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾക്കല്ലാതെ ഞാൻ അനങ്ങില്ല. ഒരു ഇല തിരിച്ചിടില്ല. ആ ഞാനാണ് ഇപ്പോൾ ഹാർഡ് വർക്ക് ചെയ്യുന്നത്. മിന്നൽ മുരളിയുടെ പ്രൊമോഷൻ സമയത്ത് ഉറങ്ങിയത് ദിവസവും ഒന്നും രണ്ടും മണിക്കൂർ ആയിരുന്നു. അത്രയ്‌ക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. രാത്രിയിൽ വൈകിയും ഇന്റർവ്യുകൾ നൽകിയിട്ടുണ്ട്.

പ്രൊമോഷൻ ഒരു വശത്ത് നടക്കുമ്പോൾ തന്നെ ഷൂട്ടിംഗ് നടക്കുന്ന പുതിയ സിനിമ നിന്നു പോകാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. അത് സിനിമയോടുള്ള കൊതി കൊണ്ടു മാത്രമല്ല ഞാൻ നീട്ടിക്കൊണ്ടു പോയാൽ അത് ബാധിക്കുന്ന ഒരുപാട് ആൾക്കാർ എനിക്കു ചുറ്റുമുണ്ട്. പല കുടുംബങ്ങളും സിനിമയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കഴിയുന്നത്.

മലയാള സിനിമയ്‌ക്ക് ആവശ്യമില്ലാതെ വരുന്ന സമയത്ത് ഉറങ്ങാമല്ലോ എന്ന ലൈനിലാണ് ഇപ്പോൾ പോകുന്നത്. അന്ന് എന്റെ കഷ്ടപ്പാട് കണ്ടിട്ട് അപ്പൻ ചോദിച്ചു ഇത്രയൊക്കെ കഷ്ടപ്പെടണോ. പൈസയ്ക്ക് അത്ര അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന്. അപ്പൻ സിനിമാക്കാരനല്ലാഞ്ഞിട്ടും എനിക്ക് സിനിമയിൽ ഇത്രയെങ്കിലും നിൽക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. " ടൊവിനോ പറഞ്ഞു.