yogi-adityanath-

ന്യൂഡൽഹി : മോദിക്ക് ശേഷം യോഗി, ബി ജെ പി അനുഭാവികളുടെ പ്രൊഫൈലുകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി യു പി മുഖ്യൻ ഭാവിയിൽ വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ആളുകളുടെ മനസിലുള്ള ഇക്കാര്യം മോദി കഴിഞ്ഞാൽ പാർട്ടിയിലെ ശക്തനായ നേതാവായ അമിത്ഷായും തള്ളിക്കളയുന്നില്ല. യു പി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്.

യോഗി ആദിത്യനാഥിനെ ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആളുകൾ പരാമർശിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, അത് തീർത്തും സ്വാഭാവികമാണെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഇതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് യു പിയിൽ യോഗി ചെയ്ത വികസനങ്ങളാണ്. തീർത്തും 'മാതൃക' ജീവിതം നയിക്കുന്നയാളാണ് യോഗി. 'സ്വാഭാവികമായും. ഇത്രയും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് ജോലികൾ ചെയ്തു. യുപിക്ക് 30 മെഡിക്കൽ കോളേജുകൾ ലഭിച്ചു, സംസ്ഥാനത്ത് രണ്ട് എയിംസുകളുണ്ട്, ജാപ്പനീസ് എൻസെഫലൈറ്റിസ് ഗവേഷണ കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്. ബി ജെ പി സർക്കാർ 10 പുതിയ സർവകലാശാലകൾ നിർമ്മിച്ചു, 77 പുതിയ കോളേജുകൾ തുറന്നു. ഉത്തർപ്രദേശിലുടനീളമുള്ള കോളേജുകൾ ഞങ്ങളുടെ സർക്കാർ പുനർനിർമ്മിക്കുകയും പുനർവികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും യോഗിയെ ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വിശേഷിപ്പിക്കുന്ന ചോദ്യത്തിന് അമിത് ഷാ മറുപടിയായി പറഞ്ഞു.

2024ൽ ഡൽഹിയിൽ അധികാരത്തിൽ തുടരാൻ ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഉത്തർപ്രദേശിന് ലോക്സഭയിൽ 80 സീറ്റുകളുള്ളതിനാൽ ആർക്കെങ്കിലും കേന്ദ്രത്തിൽ പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കണമെങ്കിൽ അത് ഉത്തർ പ്രദേശില്ലാതെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.