petrol

കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാർക്ക് ആശ്വാസമേകി കഴിഞ്ഞ 118 ദിവസമായി മാറ്റമില്ലാതെ നിന്ന പെട്രോൾ, ഡീസൽവില അടുത്തയാഴ്‌ച മുതൽ കത്തിത്തുടങ്ങും. നവംബർ നാലിന് കേന്ദ്രസർക്കാർ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതി കുറച്ചശേഷം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വില പരിഷ്‌കരിച്ചിട്ടില്ല.

ഉത്തർപ്രദേശും പഞ്ചാബും ഗോവയുമടക്കം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണിത്. തിരഞ്ഞെടുപ്പ് നടപടികൾ അവസാനിക്കുന്ന മുറയ്ക്ക് അടുത്തയാഴ്‌ചയോടെ വില കൂട്ടിത്തുടങ്ങും.

കൂടും 9-10 രൂപ

നവംബർ ആദ്യവാരം ബാരലിന് 80 ഡോളറായിരുന്നു ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില. കഴിഞ്ഞവാരം ഇത് 102 ഡോളറിലെത്തി. ആനുപാതികമായി റീട്ടെയിൽവില പരിഷ്‌കരിക്കാതിരുന്നതിനാൽ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കൾക്ക് എണ്ണക്കമ്പനികൾ കൈമാറിയിട്ടില്ല. ലിറ്ററിന് 9-10 രൂപയുടെ വിലവർദ്ധന ഇതുവഴി ഒഴിവായി. അടുത്തയാഴ്‌ചയോടെ കമ്പനികൾ പ്രതിദിന വിലവർദ്ധനയ്ക്ക് തുടക്കമിടുമെന്നാണ് അറിയുന്നത്.

ലിറ്ററിന് 6-7 രൂപയുടെ കുറവിലാണ് ഇപ്പോൾ പെട്രോൾ, ഡീസൽ വില്പനയെന്ന് എണ്ണക്കമ്പനികൾ പറയുന്നു. ഇതിനൊപ്പം ഇവരുടെ ലാഭം കൂടിച്ചേരുമ്പോഴാണ് മൊത്തം നഷ്‌ടം 9-10 രൂപയാകുന്നത്.

ഉറ്റുനോട്ടം എക്‌സൈസ് നികുതിയിൽ

പെട്രോൾ, ഡീസൽവില കുത്തനെ കൂടുന്നത് തടയാൻ കേന്ദ്രസർക്കാർ ലിറ്ററിന് ഒരു രൂപ മുതൽ മൂന്നുരൂപവരെ എക്‌സൈസ് നികുതി കുറച്ചേക്കുമെന്ന് ശ്രുതിയുണ്ട്.

ഇപ്പോൾ വില

പെട്രോൾ : ₹106.36

ഡീസൽ : ₹93.47

(തിരുവനന്തപുരം വില)

 കഴിഞ്ഞ ഒക്‌ടോബ‌ർ അവസാനം പെട്രോൾ വില ലിറ്ററിന് 112 രൂപയും ഡീസൽവില 106 രൂപയുമായിരുന്നു.

എൽ.പി.ജിയും പൊള്ളും

കഴിഞ്ഞ നാലുമാസത്തിലേറെയായി വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർവില (14.2 കിലോഗ്രാം) എണ്ണക്കമ്പനികൾ പരിഷ്കരിച്ചിട്ടില്ല. അടുത്തയാഴ്‌ചയോടെ ഇതിനും വില കൂട്ടിയേക്കും. വാണിജ്യസിലിണ്ടറിന് (19 കിലോഗ്രാം) കഴിഞ്ഞദിവസം 106 രൂപ കൂട്ടിയതോടെ വില 2,000 രൂപ കടന്നിരുന്നു.