
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയെടുത്തു. കൊച്ചിയിൽ വച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ആണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മൊഴിയെടുത്തതെന്നാണ് സൂചന.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ശിവശങ്കറിന് എല്ലാം അറിയാമെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ നേരത്തേ പ്രതിചേർത്തിരുന്നില്ല. ഈ സാഹചര്യത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് പരിശോധിക്കുകയാണ് എൻഐഎയുടെ ലക്ഷ്യം. സ്വർണം പിടിച്ച ദിവസം മുതൽ അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചാണ് താൻ മുന്നോട്ട് പോയതെന്നും ഈ കേസിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്റെ ഓഡിയോ മുതൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്ന ഓഡിയോ വരെ എല്ലാം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്നുമാണ് സ്വപ്ന അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നത്.