v

വാഷിംഗ്ടൺ: റഷ്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമപാതയിലേക്ക് കടക്കുന്നത് യു.എസ് നിരോധിച്ചു. കാനഡയും യൂറോപ്യൻ രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണിത്. റഷ്യയിലേക്കുള്ള സർവീസുകൾ നിറുത്തുമെന്ന് അമേരിക്കൻ വിമാനകമ്പനിയായ ബോയിംഗും യൂറോപ്പിന്റെ എയർബസും അറിയിച്ചിരുന്നു. റഷ്യൻ ഏവിയേഷൻ മേഖലയിലേക്കുള്ള എല്ലാ സഹകരണങ്ങളും സ്പെയർ പാർട്സ് വിതരണവും നിറുത്തിയതായി എയർബസ് അറിയിച്ചു.റഷ്യൻ വ്യോമപാതയിലൂടെയുള്ള സർവീസുകൾ താത്കാലികമായി നിറുത്തുന്നുവെന്ന് അമേരിക്കയുടെ യുണൈറ്റഡ് എയർലൈൻസും അറിയിച്ചിരുന്നു. അമേരിക്കൻ പ്രകൃതി വാതക കമ്പനിയായ എക്സൺമൊബിൽ റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോസ്നെഫ്റ്റ് കമ്പനിയുമായുള്ള ശതകോടി ഡോളർ പദ്ധതി അവസാനിപ്പിച്ചു.

ആപ്പിൾ അടക്കമുള്ള പ്രമുഖ ബ്രാൻഡുകൾ റഷ്യയിലെ തങ്ങളുടെ സേവനം നിറുത്തുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളുടെ വില്പനയും റഷ്യയിൽ നിറുത്തിവച്ചു. ആപ്പിൾ പേയ്ക്കും നിയന്ത്രണമുണ്ട്. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് റഷ്യയുടെ സ്പുട്നിക്, ആ.ടി തുടങ്ങിയവയുടെ ആപ്പുകളും പിൻവലിച്ചിട്ടുണ്ട്. മാപ്പ് സേവനത്തിൽ നിന്ന് ട്രാഫിക് ഡേറ്റ ഒഴിവാക്കി.

ഗൂഗിളും മാപ്പിൽ നിന്ന് ട്രാഫിക് ഡേറ്റ ഒഴിവാക്കിയിരുന്നു. മെറ്റയും റഷ്യയിലെ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികളും റഷ്യയ്ക്കുള്ള സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.