 
മാനത്തുകൂടി വേഗത്തിൽ പറന്നു പോകുന്ന വിമാനത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ കാമറക്കണ്ണുകളിലൂടെ ഒപ്പി എടുക്കുന്നവരുണ്ട്. വിദേശത്ത് ഈ ഫോട്ടോയെടുപ്പിന് അനന്തമായ സാദ്ധ്യതകൾ ഉണ്ടെങ്കിലും ഇന്ത്യയിലും കേരളത്തിലും ഈ മേഖല ഇപ്പോഴും പ്രാരംഭദിശയിൽ തന്നെയാണ്. വിമാനങ്ങളുടെ പടം ഇങ്ങനെ പകർത്തുന്നതിന് പ്ളെയിൻ സ്പോട്ടിംഗ് എന്നും ഫോട്ടോഗ്രാഫർമാരെ പ്ളെയിൻ സ്പോട്ടർ എന്നുമാണ് പറയുന്നത്. അന്താരാഷ്ട്ര തലത്തിലെ വിമാനങ്ങളുടെ ഗതിവിഗതികൾ അറിയുന്നതിനും ഇതുവരെ ഇറങ്ങിയിട്ടുള്ള വിമാനങ്ങളെക്കുറിച്ചുള്ള പഠനവിശകലനവും കൂടിയാണ് സ്പോട്ടിംഗ് എന്നു പറയാം. കേരളത്തിലും ഇങ്ങനെ മാനം നോക്കി കാത്തിരുന്ന് വിമാനങ്ങളുടെ ചിത്രം പകർത്തുന്നവരുണ്ട്. ഇവിടെയുള്ള പ്രധാന പ്ളെയിൻ സ്പോട്ടർമാരുടെ വിശേഷങ്ങളറിയാം.അന്തർദേശീയ വിമാനങ്ങളുടെ സമയം ട്രാക്ക് ചെയ്യാനായി ഫ്ലൈറ്റ് റഡാർ എന്ന ആപ്ലിക്കേഷൻ ഉണ്ട്. ആ ആപ്ലിക്കേഷൻ വഴിയാണ് പ്ലെയിൻ ടേക്ക് ഓഫ്, ലാന്റിംഗ് സമയവിവരങ്ങൾ ഫോട്ടോഗ്രാഫർമാർ മനസിലാക്കുന്നത്.വിമാനാപകടങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും പ്ളെയിൻ സ്പോട്ടേഴ്സ് ആദ്യത്തെ വിവരദാതാക്കളാവാറുണ്ട്. കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഇങ്ങനെ പകർത്തിയ ചിത്രങ്ങൾ അപകടത്തെ കുറിച്ച് മനസിലാക്കുന്നതിനായി പരിശോധിച്ചിരുന്നു. പാക്കിസ്ഥാനിൽ നടന്ന ഒരു അപകടത്തിൽ ഒരു പ്ളെയിൻ സ്പോട്ടർ എടുത്ത ഫോട്ടോയിലൂടെയാണ് എൻജിൻ കത്തുന്നതും എൻജിൻ തകരാറുകാരണമാണ് അപകടമുണ്ടായതെന്നും തിരിച്ചറിയാൻ സാധിച്ചത്.
 
ജെറ്റ് ഫോട്ടോസ് എന്ന അന്തർദേശീയ പേജും ഈ രംഗത്ത് സജീവമാണ്. ആ പേജിലേക്ക് പ്ലെയിൻ സ്പോർട്ടേഴ്സ് തങ്ങൾ പകർത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങൾ അയക്കാറുണ്ട്. അവർ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കും. ലഭിക്കുന്ന ആയിരം ഫോട്ടോകളിൽ നിന്നാണ് എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരെണ്ണം തിരഞ്ഞെടുക്കുന്നത്.കേരളത്തിൽ വിമാനചിത്രങ്ങളെടുക്കുന്നവരുടെ കൂട്ടായ്മ (പ്ലെയിൻ സ്പോട്ടേർസ് ഫൗണ്ടേഷൻ-പി.എസ്.കെ ) യുടെ സ്ഥാപകനാണ് നിസാം അഷ്റഫ്. പൈലറ്റ് ആകണമെന്ന് സ്വപ്നം കണ്ട നിസാം പിന്നീട് മൈക്രോബയോളജിസ്റ്റായപ്പോഴും വിമാനങ്ങളോടുള്ള ഇഷ്ടം മാറ്റിവച്ചില്ല. ഒഴിവു സമയങ്ങളിൽ തന്റെ സ്വപ്നത്തെ പിന്തുടർന്ന് വിമാന ചിത്രങ്ങൾ പകർത്തുകയും അവ യൂട്യൂബ്, ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവിടങ്ങളിൽ പോസ്റ്റു ചെയ്യുന്നതും പതിവായിരുന്നു. കേരളത്തിലെ സംഘടനയുടെ പ്രസിഡന്റ് പ്രകാശ് ശങ്കറാണെങ്കിലും അദ്ദേഹത്തോടൊപ്പം കൂട്ടായ്മയുടെ മേൽനോട്ടവും നിസാം നിർവഹിക്കുന്നു. നിസാമിന്റെ ഫോട്ടോകൾ ജെറ്റ് ഫോട്ടോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 
തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സമയം കിട്ടുമ്പോൾ എത്തി ചിത്രങ്ങൾ പകർത്തും. കണ്ണൂർ വിമാനത്താവളത്തിനടുത്ത് രണ്ടുകിലോമീറ്റർ ചുറ്റളവിൽമനോഹരചിത്രങ്ങൾ പകർത്താൻ കഴിയുന്ന സ്ഥലങ്ങളുണ്ടെന്നും കൂടാതെ രാവിലത്തെ കാലാവസ്ഥയാണ് ചിത്രങ്ങളെടുക്കാൻ ഏറ്റവും മികച്ചതെന്നും അദ്ദേഹം പറയുന്നു. കണ്ണൂർ സ്വദേശിയാണ് നിസാം. തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്ലെയിൻ സ്പോട്ടർ ആണ് ഗോപകുമാർ മാതൃക. കഴിഞ്ഞ പത്ത് വർഷമായി ഈ മേഖലയിലുള്ള ഗോപകുമാർ അനേകം വിമാന ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ അദ്ദേഹം എത്ര തിരക്കുകൾക്കിടയിലും ചിത്രങ്ങൾ എടുക്കാൻ സമയം കണ്ടെത്തും. വിമാനത്താവളത്തിന്റെ തൊട്ടടുത്ത് ജനിച്ചു വളർന്നതുകൊണ്ട് തന്നെ വിമാനങ്ങൾ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. തലസ്ഥാനത്ത് വള്ളക്കടവ്, മുട്ടത്തറ പാലം എന്നിവ ചിത്രങ്ങൾ പകർത്താൻ പറ്റിയ ഇടങ്ങളാണ്. കുട്ടിക്കാലം മുതലേ വിമാനങ്ങൾ സുപരിചിതമായതും വ്യോമാഭ്യാസ പ്രകടനങ്ങളും മറ്റും ഫിലിം കാമറയിൽ പകർത്തിയ പരിചയവുമാണ് ഈ മേഖലയോടുള്ള താത്പര്യമായി മാറിയത്. പ്രളയ, കൊവിഡ് കാലത്ത് എമർജൻസി ലാന്റിംഗ് ചെയ്ത വിമാനങ്ങളുടെ ചിത്രങ്ങളും പകർത്തിയിരുന്നു. ഏറ്റവും നല്ല സ്ഥലം കണ്ടെത്തുന്നതാണ്  പ്ളെയിൻ സ്പോട്ടിംഗിന് പ്രധാനം. അതോടൊപ്പം സർഗാത്മകത കൂടി ചേരുമ്പോൾ നല്ല ചിത്രങ്ങൾ പിറക്കുമെന്ന് ഗോപകുമാർ പറയുന്നു. ഗോപകുമാർ മാതൃകയുടെ മകളും തിരുവനന്തപുരത്തെ സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയുമായ അനാമിക ജി.എസാണ് കേരളത്തിലെ ഏക പെൺ പ്ലെയിൻ സ്പോടർ. പരിസ്ഥിതി, കടൽ ചിത്രങ്ങൾ എടുത്താണ് അനാമിക ഈ മേഖലയിലേക്ക് വന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ചിത്രം അനാമിക എടുത്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ പരീക്ഷണ പറക്കലിന് വന്നപ്പോഴായിരുന്നു അത്.
 
ഈ ചിത്രങ്ങൾ ജെറ്റ് ഫോട്ടോസിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനവേളയിൽ ജോൺ ഒഫ് കെന്നഡി വിമാനത്താവളത്തിൽ എയർ ഇന്ത്യ വൺ പറന്നുയർന്നപ്പോൾ ഫ്ലൈറ്റ് റഡാർ ആപ്ലിക്കേഷനിൽ കാണിച്ചത് അനാമികയുടെ പേരോടുകൂടി ആ ചിത്രമായിരുന്നു. അനാമികയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു ഇത്. പഠനത്തോടൊപ്പം ഫോട്ടോഗ്രാഫിയും ഒപ്പം കൂട്ടുന്ന അനാമിക ഇപ്പോൾ പ്രധാനമന്ത്രിയ്ക്ക് പ്ലെയിൻ സ്പോട്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ വേണ്ടി നിവേദനം നൽകിയുള്ള കാത്തിരിപ്പിലാണ്. കൊച്ചിയിലുള്ള മറ്റൊരു പ്ളെയിൻ സ്പോട്ടർ ആണ് രോഹിത് രാമചന്ദ്രൻ. ഡൽഹി, മുംബയ് എന്നീ വിമാനത്താവളങ്ങളിൽ പ്ളെയിൻ സ്പോട്ടേഴ്സ് വളർന്നുവരികയാണെന്നും എന്നാൽ കേരളത്തിൽ ഈ രംഗത്ത് പത്തിൽ  താഴേ ആൾക്കാരേ ഉള്ളൂവെന്നും രോഹിത് പറയുന്നു. മഴക്കാറുള്ള സമയത്ത് പ്ലെയിൻ സ്പോട്ടിംഗ് വളരെ പ്രയാസമാണ്, എന്നാൽ വൈകുന്നേരങ്ങളിലെ ആകാശവും നീലാകാശവും വളരെ നല്ലതാണ്. കാലിക്കറ്റ് എയർപോർട്ടിൽ ടേബിൾ ടോപ് റൺവേ ആയതിനാൽ പ്ലെയിൻ സ്പോട്ടിംഗ് അൽപ്പം പ്രയാസമാണെന്നും അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രോഹിത് വിശദീകരിക്കുന്നു. 
 
താൻ പകർത്തിയ കൊച്ചി- ലണ്ടൻ വിമാനത്തിന്റെ ചിത്രം ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചതും മറ്റൊരു ചിത്രം ഫ്ലൈറ്റ് റഡാർ ആപ്പിൽ കാണിച്ചതും വലിയ അംഗീകാരമായി രോഹിത് കരുതുന്നു. ഒരു മാസ്ക് നിർമ്മാണ കമ്പനിയിൽ ജോലിനോക്കുന്ന രോഹിത്ത് തിരക്കുകൾ ഒഴിയുമ്പോൾ പ്രിയപ്പെട്ട സ്പോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് ജീവിതത്തിന്റെ ഭാഗമായ വിമാനചിത്രങ്ങൾ പകർത്താനെത്തും. വീട്ടിൽ നിന്നും 23 കി.മീ വരെ സഞ്ചരിച്ചാണ് പലപ്പോഴും കൊച്ചി എയർപോർട്ടിലേക്ക് എത്താറുള്ളത്.ലോകത്തുള്ള എല്ലാ വിമാനത്താവളങ്ങൾക്കും അവരുടേതായ വ്യത്യസ്തമായ അയാട്ട കോഡ് ഉണ്ടായിരിക്കും. ഈ കോഡ് ഓരോ വിമാനത്താവളത്തിന്റെയും ഐഡന്റിറ്റി ആണെന്ന് തന്നെ പറയാം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അയാട്ട കോഡ് TRV എന്നും കൊച്ചിയിലെ വിമാനത്താവളത്തിന്റെ COK എന്നും കോഴിക്കോട് വിമാനത്താവളത്തിന്റെ കോഡ്  CCJ എന്നുമാണ്. പൈലറ്റുമാർ ആശയവിനിമയം നടത്തുന്നതിന് ഇത്തരം കോഡുകളാണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ പതിനാലടി നീളത്തിലുള്ള TRV എന്ന കോൺക്രീറ്റ് നിർമ്മിതി വച്ചത് പ്ളെയിൻ സ്പോട്ടേഴ്സ് ഫൗണ്ടേഷൻ (പി.എസ്.കെ)കൂട്ടായ്മയാണ്. പ്ലെയിൻ സ്പോട്ടിംഗ് മേഖലയ്ക്ക് അംഗീകാരം നൽകണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഒരേ സ്വരത്തിൽ പറയുന്നത്. 
 
ലോകത്ത് എല്ലായിടത്തും പ്ളെയിൻ സ്പോട്ടിംഗ് ടൂറിസത്തിന്റെ ഭാഗമാണ്. പലരും ഒരു പാഷനായാണ് ഈ താത്പര്യത്തെ കൊണ്ടുപോകുന്നതെങ്കിലും മണിക്കൂറുകളോളമുള്ള ക്ഷമയും കാത്തിരിപ്പും ഓരോ ചിത്രത്തിന്റെ പിന്നിലുമുണ്ട്. പൊരിവെയിലത്തും കാറ്റിലുമൊക്കെ വിമാനത്തിന്റെ സമയം നോക്കി കാത്തിരുന്നത് ചിത്രമെടുക്കുന്നത് അത്ര നിസാരമായ കാര്യമല്ല. ഈ മേഖലയെപ്പറ്റി അധികമാർക്കും അറിയില്ല എന്നതാണ് വാസ്തവം. ഫോട്ടോഗ്രാഫി മേഖലയുമായി ബന്ധപ്പെടുത്തി പ്ളെയിൻ സ്പോട്ടിംഗിനും അംഗീകാരം നൽകുകയാണെങ്കിൽ തങ്ങൾക്കും ഏറെ മുന്നോട്ടേക്ക് പോകാനാകുമെന്ന് ഈ ഫോട്ടോഗ്രാഫർമാർ വ്യക്തമാക്കുന്നു. നേരത്തെ ഒരു ഫോട്ടോ എക്സിബിഷൻ ആലോചിച്ചിരുന്നെങ്കിലും കൊവിഡ് കാലത്ത് അതു നീണ്ടു പോയി. അധികം വൈകാതെ തങ്ങൾ പകർത്തിയ ചിത്രങ്ങളുടെ എക്സിബിഷൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിമാനങ്ങളോടുള്ള ഇഷ്ടം കൊണ്ട് അവയ്ക്ക് പിന്നാലെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇവർ.