
കീവ് : യുക്രെയിനിലെ യുദ്ധമുഖത്ത് നിന്നും അതിർത്തിയിലേക്ക് സുരക്ഷിതരായി യാത്ര ചെയ്യാൻ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഇന്ത്യൻ പതാക പതിക്കാനാണ് പൗരൻമാരോട് ഇന്ത്യ ആവശ്യപ്പെട്ടത്. റഷ്യയുമായി ഊഷ്മള ബന്ധം പുലർത്തുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് കിട്ടിയ ഉറപ്പിന്റെ ബലത്തിലാണ് പതാക പതിച്ച് സഞ്ചരിക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. എന്തായാലും ഇന്ത്യൻ പതാകയുമായി സഞ്ചരിച്ച എല്ലാ വാഹനങ്ങളും സുരക്ഷിതമായിട്ടാണ് യുക്രെയിനിന്റെ അതിർത്തി കടന്നത്. ഓപ്പറേഷൻ ഗംഗ എന്ന പേരിൽ യുക്രെയിനിൽ ഇന്ത്യ നടപ്പിലാക്കിയ രക്ഷാപ്രവർത്തനത്തിനും കൈയടികൾ ഏറുകയാണ്. മറ്റു പല രാജ്യങ്ങളും ഇന്ത്യയുടെ സഹായം തേടുന്നതായും റിപ്പോർട്ടുകളുണ്ട്.
യുക്രെയിനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ തങ്ങളുടെ രാജ്യം തിരിഞ്ഞ് പോലും നോക്കാതായതോടെ ഇന്ത്യൻ പതാക പതിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഇവർ വിളിക്കാൻ തയ്യാറായതായും ചില ചാനലുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇപ്പോൾ കരുത്തരായ തുർക്കിയിലെ വിദ്യാർത്ഥികളും പാക് വിദ്യാർത്ഥികളുടെ പാത പിന്തുടർന്ന് ഇന്ത്യൻ പതാക ഉയർത്തി യാത്ര ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. യുക്രെയിനിലെ തകർന്ന ചെക്ക്‌പോസ്റ്റുകൾ സുരക്ഷിതമായി മറികടക്കാൻ ഇന്ത്യൻ പതാക പാകിസ്ഥാൻ, തുർക്കി വിദ്യാർത്ഥികളെയും സഹായിച്ചതായി റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളാണ് വെളിപ്പെടുത്തിയത്. ചില വിദ്യാർത്ഥികൾ ഇന്ത്യൻ പതാകകൾ തയ്യാറാക്കിയത് സ്‌പ്രേ പെയിന്റുകൾ സംഘടിപ്പിച്ചാണ്.
'ഓപ്പറേഷൻ ഗംഗ'യുടെ ഭാഗമായി യുക്രെയിനിന്റെ അയൽരാജ്യങ്ങളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളിൽ സീറ്റ് ഉറപ്പിക്കുവാനാണ് ഇന്ത്യൻ വിദ്യാർത്ഥികൾ റൊമാനിയൻ നഗരത്തിലെത്തിയത്. എയർ ഇന്ത്യ,സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ എന്നീ കമ്പനികളാണ് ഇവിടെ നിന്നും പ്രത്യേക സർവീസ് നടത്തുന്നത്. ഇന്ത്യൻ എംബസി നേരത്തെ തന്നെ ക്രമീകരണങ്ങൾ നടത്തിയിരുന്നതിനാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകളുണ്ടാവുന്നില്ലെന്നതും ആശ്വാസകരമാണ്. കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഒഴിപ്പിക്കലിന്റെ വേഗം കൂട്ടാൻ വ്യോമസേനയുടെ ഭീമൻ ചരക്ക് വിമാനമായ സി 17 ഗ്‌ളോബ്മാസ്റ്ററും ഇന്ന് എത്തിയിട്ടുണ്ട്. 850നടുത്ത് ആളുകളെ ഒറ്റപ്പറക്കലിൽ കൊണ്ടുവരാൻ ഇതിനാവും.