
കൊച്ചി: എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിൽ (ഐ.പി.ഒ) പത്തുശതമാനം വരെ ഓഹരികളാണ് വ്യക്തിഗത പോളിസി ഉടമകൾക്കായി സംവരണം ചെയ്യുകയെന്ന് മാനേജിംഗ് ഡയറക്‌ടർ മിനി ഐപ്പ് പറഞ്ഞു. യോഗ്യരായ എൽ.ഐ.സി ജീവനക്കാർക്കായി അഞ്ചുശതമാനം വരെയും നീക്കിവയ്ക്കും.
യോഗ്യരായ നിക്ഷേപകസ്ഥാപനങ്ങൾക്കാണ് (ക്യു.ഐ.ബി) മൊത്തം ഓഹരി വില്പനയുടെ 50 ശതമാനം. 15 ശതമാനം നോൺ-ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കാണ്. 35 ശതമാനം ഓഹരികളാണ് പൊതുജനങ്ങൾക്കും ജീവനക്കാർക്കും പോളിസി ഉടമകൾക്കായും നീക്കിവയ്ക്കുന്നത്. പുതിയ ബിസിനസ് പ്രീമിയത്തിൽ 75 ശതമാനം വിപണിവിഹിതവുമായി ശക്തമായ മുന്നേറ്റമാണ് എൽ.ഐ.സി തുടരുന്നതെന്ന് മിനി ഐപ്പ് പറഞ്ഞു.
എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും ഇപ്പോൾ സർക്കാരിന്റെ പക്കലാണ്. ഇതിന്റെ അഞ്ചു ശതമാനം ഓഹരികളാണ് (31.62 കോടി) ഐ.പി.ഒയിലൂടെ വിൽക്കുന്നത്. ഓഹരിയൊന്നിന് 10 രൂപയാണ് മുഖവില. 60,000 കോടിരൂപവരെ സമാഹരിക്കാനാകുമെന്നാണ് കേന്ദ്രപ്രതീക്ഷ. റഷ്യ-യുക്രെയിൻ സംഘർഷ പശ്ചാത്തലത്തിൽ ഓഹരിവിപണികൾ നേരിടുന്ന തളർച്ച പരിഗണിച്ച് ഐ.പി.ഒ നടപടികൾ കേന്ദ്രം നീട്ടിവച്ചേക്കുമെന്ന് സൂചനകളുണ്ട്.
എൽ.ഐ.സി ഒരു
രാജ്യമാണെങ്കിൽ...
ലോകത്തെ പത്താമത്തെയും ഏഷ്യയിലെ അഞ്ചാമത്തെയും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനിയാണ് എൽ.ഐ.സി. 28.6 കോടി വ്യക്തിഗത പോളിസികളാണ് കമ്പനിക്ക് കീഴിലുള്ളത്. എൽ.ഐ.സി ഒരുരാജ്യമാണെങ്കിൽ, ജനസംഖ്യയിൽ നാലാംസ്ഥാനം ലഭിക്കുമായിരുന്നു.