ukraine

ന്യൂഡൽഹി : യുക്രയിനിലെ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യക്കാർക്കു പുറമേ പാകിസ്ഥാൻ, തുർക്കി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളേയും ഇന്ത്യൻ ദേശീയ പതാക സഹായിച്ചെന്ന് യുക്രയിനിൽ നിന്ന് റുമാനിയയിലെത്തിച്ചേർന്ന ഇന്ത്യൻ വിദ്യാർത്ഥികൾ പറഞ്ഞു. സുരക്ഷ ഉറപ്പു വരുത്താനായി സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഇന്ത്യൻ പതാക ഉപയേഗിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നല്കിയിരുന്നു. ഇതനുസരിച്ചാണ് ഇന്ത്യൻ വിദ്യാർത്ഥികൾ അയൽ രാജ്യങ്ങളിലേക്കു കടക്കാൻ ഇന്ത്യൻ ദേശീയ പതാകയുമായെത്തുന്നത്. പതാകയുമായി അതിർത്തി കടന്നതിനാൽ വഴിയിൽ കാര്യമായ തടസങ്ങളൊന്നും നേരിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇതേ പാത പിൻതുടർന്ന് പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സുരക്ഷിതമായി ചെക്ക്പോസ്റ്റുകൾ മറികടക്കാൻ വാഹനങ്ങളിൽ ഇന്ത്യൻ പതാക ഉയർത്തി യാത്ര ചെയ്യുന്നതായാണ് വിവരം. അതേ സമയം പതാക കൈവശം ഇല്ലാത്തതിനാൽ കടയിൽ നിന്ന് കർട്ടനും സ്‌പ്രേ പെയിന്റും വാങ്ങിയാണ് പതാകയുണ്ടാക്കിയതെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ പറഞ്ഞു. ഓപ്പറേഷൻ ഗംഗ'യുടെ ഭാഗമായി യുക്രെയിനിന്റെ അയൽരാജ്യമായ റുമാനിയയിൽനിന്നു പുറപ്പെടുന്ന വിമാനത്തിൽ കയറുന്നതിനാണ് വിദ്യാർത്ഥികൾ അതിർത്തി കടന്നെത്തുന്നത്.