
ബംഗളൂരു: പ്രീ യൂണിവേഴ്സിറ്റി പരീക്ഷയിൽ 97 ശതമാനം മാർക്കുണ്ടായിരുന്നു അവന്. എന്നിട്ടും കർണാടകയിൽ സീറ്റ് ലഭിച്ചില്ല - മകന്റെ മരണത്തിൽ മനമുരുകുന്ന ഒരു പിതാവിന്റെ വാക്കുകളാണിത്. കഴിഞ്ഞ ദിവസം ഖാർകീവിൽ ഷെല്ലാക്രമണത്തിലാണ് നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ നവീൻ ശേഖരപ്പ കൊല്ലപ്പെട്ടത്. മെഡിക്കൽ സീറ്റ് ലഭിക്കണമെങ്കിൽ കോടികൾ കൊടുക്കണമായിരുന്നു. കുറഞ്ഞ ചെലവിൽ വിദേശത്ത് മികച്ച രീതിയിൽ പഠനം നടത്താമെന്നതിനാലാണ് യുക്രെയിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ പിതാവ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ സമീപിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നും ബൊമ്മെ ഉറപ്പുനൽകി. അതേസമയം, നവീന്റെ മരണവുമായി ബന്ധപ്പെട്ട് റഷ്യൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.