
കീവ്: യുക്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന മറ്റൊരാൾ കൂടി ഇന്ന് മരിച്ചതായി വിവരം. വിനിസിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ ചന്ദൻ ജിൻഡാൽ(22) ആണ് മരിച്ചത്. തളർന്ന്‌വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പഞ്ചാബിലെ ബർനാല സ്വദേശിയായിരുന്നു ചന്ദൻ. ഇന്ത്യയിലേക്ക് ചന്ദന്റെ മൃതദേഹം എത്തിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊളളണമെന്ന് ചന്ദന്റെ പിതാവ് ശിശാൻ കുമാർ ജിൻഡാൽ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
അതേസമയം റഷ്യൻ അധിനിവേശം കടുക്കുന്ന കാർകീവിൽ നിന്നും ഇന്ത്യക്കാർ മടങ്ങണമെന്ന് എംബസി അറിയിച്ചു. യുക്രെയിൻ സമയം വൈകിട്ട് ആറിനകം കാൽനടയായെങ്കിലും ഇവിടെനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാനാണ് എംബസി നിർദ്ദേശിച്ചിരിക്കുന്നത്. ഇവിടെ കടുത്ത ഷെൽ ആക്രമണം നടക്കുന്നുണ്ട്. ഒപ്പം പാരച്യൂട്ടുകളിൽ പറന്നിറങ്ങുന്ന റഷ്യൻ സൈന്യം വൻ ആൾനാശം വരുത്തുന്നുണ്ടെന്നാണ് വിവരം. ഇതുവരെ നഗരത്തിൽ 21മരണം സ്ഥിരീകരിച്ചു. 112 പേർക്ക് പരിക്കേറ്റു.
കീവ് നഗരത്തിലേക്ക് 60 കിലോമീറ്റർ ദൈർഘ്യമുളള റഷ്യൻ സൈന്യം അടുക്കുകയാണ്. റഷ്യയുമായി യുക്രെയിൻ സമാധാന ചർച്ചകൾക്ക് തയ്യാറായിട്ടുണ്ട്. എന്നാൽ എവിടെവച്ചാകും ചർച്ചയെന്നത് റഷ്യ പുറത്തുവിട്ടിട്ടില്ല.