ukraine

കീവ്: കീഴടങ്ങാനുള‌ള മുന്നറിയിപ്പ് അവഗണിച്ച് സാധാരണ ജനങ്ങൾ വരെ തങ്ങളോട് പൊരുതുന്നതാണ് റഷ്യ യുക്രെയിനിൽ കണ്ടത്. പ്രസിഡന്റിനെയും ഭരണകൂടത്തെയും തള‌ളി ഭരണം പിടിച്ചെടുക്കാനും റഷ്യ യുക്രെയിനിലെ പട്ടാളത്തോട് ആഹ്വാനം ചെയ്‌തു. എന്നാൽ ചെറിയൊരു നുള‌ള് മണ്ണുപോലും റഷ്യ സ്വന്തമാക്കാതിരിക്കാൻ ശക്തമായി പൊരുതുന്ന സൈനികരെയാണ് അവർ അവിടെ കണ്ടത്. ഇതോടെ ശക്തമായ ആക്രമണം തന്നെ റഷ്യ ആരംഭിച്ചു. ഒപ്പം നിലവിലെ ജനസമ്മതനായ യുക്രെയിനിയൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയെ പുറത്താക്കി അധികാരം തങ്ങളുടെ ആശ്രിതനായ മുൻ പ്രസിഡന്റ് വിക്‌ടർ യാനുകോവിചിനെ ഏൽപ്പിക്കാനുള‌ള നടപടികളും റഷ്യ നടത്തുന്നുണ്ട്.

2014ൽ രാജ്യത്ത് നടന്ന യൂറോമൈദാൻ വിപ്ളവത്തിൽ അധികാരം നഷ്‌ടപ്പെട്ട് നാടുവിട്ടയാളാണ് വിക്‌ടർ യാനുകോവിച്. 2010ൽ യുക്രെയിന്റെ നാലാം പ്രസിഡന്റായി അധികാരമേറ്റയാളാണ് യാനുകോവിച്. കീവിൽ നടന്ന രൂക്ഷമായ പ്രതിഷേധങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമൊടുവിലാണ് വിക്‌ടർ യാനുകോവിച് അധികാരഭ്രഷ്‌ടനായത്. അന്ന് റഷ്യയിലേക്ക് നാടുവിട്ട വിക്‌ടർ ഇപ്പോൾ തിരികെയെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. സെലെൻസ്‌കിയെ പുറത്താക്കി വിക്‌ടർ യാനുകോവിചിനെ പ്രസിഡന്റാക്കി ഒരു പാവ സർക്കാരിനെ യുക്രെയിനിൽ കൊണ്ടുവരാൻ റഷ്യ ശ്രമിക്കുകയാണ്.