
2018ൽ പുറത്തിറങ്ങിയ 'സീറോ'യ്‌ക്ക് ശേഷം ബോളിവുഡിന്റെ കിംഗ് ഖാനെ നാല് വർഷത്തോളമായി ബിഗ് സ്‌ക്രീനിൽ ആരാധകർക്ക് കാണാനായിട്ടില്ല. എന്നാൽ ഇനി ആ കാത്തിരിപ്പ് അധികം നീളില്ല. ഷാരൂഖിന്റെ അടുത്ത ചിത്രമായ ആക്ഷൻ ത്രില്ലർ 'പത്താൻ' 2023 ജനുവരി 25ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ടീസർ താരം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
സ്വന്തം രാജ്യത്തെ രക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോൺ എബ്രഹാമും, ദീപികാ പദുക്കോണും പറയുന്നതും ശേഷം കിടിലൻ ലുക്കിലുളള താരം നടന്നുവരുന്നതുമാണ് ടീസറിലുളളത്. ഇതോടെ ഷാരൂഖ് ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തിന്റെ വരവ് ആഘോഷമാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
സിദ്ധാർത്ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ സൽമാൻ ഖാനുമുണ്ടെന്നാണ് വിവരം. 2018ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമ വിഭാഗത്തിൽപ്പെട്ട സീറോ ബോക്‌സോഫീസിൽ പരാജയമായിരുന്നു. ഇതിന് ശേഷം അത്യുഗ്രൻ ലുക്കിലാണ് താരം പത്താനിലെത്തുന്നത്.