blaster

മുംബയ് സിറ്റിയെ 3-1ത്തിന് തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ് സെമി​ സാദ്ധ്യത വർദ്ധി​പ്പി​ച്ചു

മഡ്ഗാവ് : നി​ർണായകമത്സരത്തി​ൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മുംബയ് സി​റ്റി​ എഫ്.സി​യെ കീഴടക്കി​യ കേരള ബ്ളാസ്റ്റേഴ്സ് ഐ.എസ്.എൽ സെമി​ഫൈനൽ സാദ്ധ്യതകൾ വർദ്ധി​പ്പി​ച്ചു. ഇന്നലെ ആദ്യ പകുതി​യി​ൽ രണ്ട് ഗോളുകൾ നേടി​യി​രുന്ന ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതി​യിൽ ഒരു ഗോളും കൂടി​യടി​ച്ച് മത്സരത്തി​ന്റെ വി​ധി​ കുറി​ക്കുകയായി​രുന്നു.71-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നാണ് മുംബയ് ആശ്വാസഗോൾ കണ്ടെത്തിയത്.

19-ാം മിനിട്ടിൽ സഹൽ അബ്ദുൽ സമദിന്റെ അസാദ്ധ്യ ഗോളിലൂടെ സ്കോറിംഗ് തുടങ്ങിയ ബ്ളാസ്റ്റേഴ്സിനായി അൽവാരോ വസ്ക്വേസ് ഇരട്ട ഗോളടിച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലും 60-ാം മിനിട്ടിലുമായിരുന്നു വസ്ക്വേസിന്റെ ഗോളുകൾ.വസ്ക്വേസിന്റെ ആദ്യ ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നു.ഡീഗോ മൗറീഷ്യോയാണ് മുംബയ്ക്ക് വേണ്ടി പെനാൽറ്റി ഗോളാക്കിയത്.

ഈ വിജയത്തോടെ ബ്ളാസ്റ്റേഴ്സ് 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു.നാലാം സ്ഥാനത്തായിരുന്ന മുംബയ് സിറ്റി 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

ഗോളുകൾ ഇങ്ങനെ

1-0

19-ാം മിനിട്ട്

സഹൽ അബ്ദുസമദ്

ആദ്യ ഇലവനിലേക്ക് തിരികെയെത്തിയ സഹലിന്റെ അതുല്യമായ ഡ്രിബിളിംഗ് പാടവമാണ് ആദ്യ ഗോളിലേക്ക് വഴിതുറന്നത്. എതിർ ഗോൾ മുഖത്തിന് അകലെവച്ച് തനിക്ക് കിട്ടിയ പന്തുമായി രണ്ട് പേരേ അതിമനോഹരമായി കബളിപ്പിച്ച് മുന്നേറിയ സഹൽ ബോക്സിനുള്ളിലേക്ക് കടന്ന് വട്ടം നിന്ന മൂന്ന് ഡിഫൻഡർമാർക്കിടയിലൂടെയാണ് വലയിലേക്ക് പന്ത് ക‌ടത്തിവിട്ടത്.

2-0

45+2 -ാം മിനിട്ട്

അൽവാരോ വസ്ക്വേസ്

തന്നെ ബോക്സിന്റെ ഇടത് വശത്ത് വച്ച് ഫൗൾ ചെയ്തതിന് ലഭിച്ച സ്പോർട്ട് കിക്ക് മുംബയ് ഗോളിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വസ്ക്വേസ് വലയിലാക്കുകയായിരുന്നു.

3-0

60 -ാം മിനിട്ട്

അൽവാരോ വസ്ക്വേസ്

മുംബയ് സിറ്റിയുടെ പ്രതിരോധം നൽകിയ ലൂസ് ബാക്ക് പാസ് ക്ളിയർ ചെയ്യുന്നതിൽ ഗോളി നവാസിന് പറ്റിയ പിഴവ് മുതലെടുത്ത വസ്ക്വേസ് ഞൊടിയിടയിൽ പന്തുതട്ടിയെടുത്ത് വലയിലാക്കുകയായിരുന്നു.

3-1

71-ാം മിനിട്ട്

ഡീഗോ മൗറീഷ്യോ

ഒരു കോർണർ കിക്കിനിടെ തന്നെ റുയിവ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കിക്കാണ് മൗറീഷ്യോ ഗോളാക്കിയത്.

ഈ സീസണിലെ ആദ്യ പാദ മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് മുംബയ് സിറ്റിയെ 3-0ത്തിന് തോൽപ്പിച്ചിരുന്നു.

ശനിയാഴ്ച അറിയാം

കേരള ബ്ളാസ്റ്റേഴ്സ് ഇക്കുറി സെമിയിൽ കടക്കുമോ എന്ന് ശനിയാഴ്ച മുംബയ് സിറ്റിയും ഹൈദരാബാദ് എഫ്.സിയും തമ്മിൽ നടക്കുന്ന അവസാന മത്സരത്തിൽ അറിയാം. തങ്ങളുടെ അവസാന മത്സരത്തിൽ മുംബയ്ക്ക് ഹൈദരാബാദിനെ തോൽപ്പിക്കാനായില്ലെങ്കിൽ ബ്ളാസ്റ്റേഴ്സ് സെമിയിലെത്തും. അഥവാ മുംബയ് ജയിച്ചാൽ ഞാ​യ​റാ​ഴ്ച​ ​ന​ട​ക്കു​ന്ന​ ​തങ്ങളുടെ അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ ഗോവയോട് ​ ​ബ്ളാസ്റ്റേഴ്സ് തോൽക്കാതിരുന്നാൽ മാത്രം മതി. ഗോ​വ​യ്ക്കെ​തി​രെ​ ​സ​മ​നി​ല​യി​ലാ​ണെ​ങ്കി​ൽ​ ​പോ​ലും​ ​ ഒരേ പോയിന്റ് നിലയാകും. നേർക്കുനേർ പോരാട്ടങ്ങളിലെ വിജയത്തിന്റെ മികവിൽ മഞ്ഞപ്പടയ്ക്ക് സെ​മി​യി​ലെ​ത്താം.