
ന്യൂഡൽഹി : യുക്രെയിനിലെ കാർകീവിൽ റഷ്യ ആക്രമണം ശക്തമാക്കാനിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ച വിജയം. യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യൻ സൈന്യം ഒഴിപ്പിക്കാൻ ചർച്ചയിൽ തീരുമാനമായതായാണ് വിവരം. റഷ്യൻ അതിർത്തി വഴിയായിരിക്കും ഇവരെ ഒഴിപ്പിക്കുന്നത് . ഫോൺ വഴി നടത്തിയ ചർച്ചയിലാണ് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന കാര്യത്തിൽ പുട്ടിൻ മോദിക്ക് ഉറപ്പുനൽകിയത്.
യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് പുട്ടിനുമായി മോദി ചർച്ച നടത്തുന്നത്. അതിനിടെ യുക്രെയിനിലെ രക്ഷാദൗത്യം ചർച്ച ചെയ്യാൻ മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യുക്രെയ്നിലെ നഗരങ്ങളിൽ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും യുക്രെയ്ൻ അറിയിച്ചു.
അതേസമയം ഖാര്‍ക്കീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടണമെന്ന മുന്നറിയിപ്പിന്റെ സമയപരിധി അവസാനിച്ചു. യുക്രെയിന്‍ സമയം വൈകിട്ട് ആറിന് മുന്‍പ് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറാനായിരുന്നു എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നത്.റഷ്യന്‍ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു മുന്നറിയിപ്പ്. നടന്നാണെങ്കിലും ഖാര്‍ക്കീവ് നഗരം വിടണമെന്നായിരുന്നു എംബസിയുടെ നിര്‍ദേശം. പെസോചിന്‍, ബബായെ, ബെസ്ലിയുഡോവ്ക എന്നീ സ്ഥലങ്ങളില്‍ എത്രയും വേഗം എത്തണമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റിലുടെ അറിയിച്ചിരുന്നു.