elephant

മൂന്നാർ: രാത്രി ഷിഫ്‌റ്റിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നല്ലതണ്ണി സ്വദേശി സന്തോഷ് ആന്റണി ബുധനാഴ്‌ച പുലർച്ചെയുണ്ടായ ആ അനുഭവം ഒരിക്കലും മറക്കില്ല. മൂന്നാർ ഇൻസ്‌റ്റന്റ് ടീ ഫാക്‌ടറി ജോലിക്കാരനായ സന്തോഷ് ജോലി കഴിഞ്ഞ് ബുധനാഴ്‌ച പുലർച്ചെ 6.45ഓടെ ബൈക്കിൽ വരുമ്പോൾ കുറ്റാകൂരിരുട്ടിൽ മുന്നിൽ ആനയെ കണ്ടു.

വീട്ടിലേക്ക് കയറുന്നതിന് സമീപമുണ്ടായിരുന്ന ഷെഡിന്റെ വശത്തായിരുന്നു ഈ സമയം കാട്ടാന. ആദ്യം ശ്രദ്ധയിൽ പെട്ടില്ല. ചെളിയും മണ്ണും വാരിപൂശിയതിനാൽ തിരിച്ചറിയാൻ കഴിയാത്തതായിരുന്നു കാരണം. ആനയാണെന്ന് മനസിലായി വാഹനം വെട്ടിച്ച് ഓടിച്ചുപോകാൻ സന്തോഷ് ശ്രമിച്ചു. ഈ സമയം ആന ചിന്നംവിളിച്ച് സന്തോഷിന് പിന്നാലെ പാഞ്ഞെത്തി. വാഹനം അതിവേഗം ഓടിച്ചെങ്കിലും കുറച്ച്ദൂരം ആന സന്തോഷിനെ പിന്തുടർന്നു.

എസ്‌റ്റേറ്റിൽ നിന്നും ജനവാസ മേഖലയിലേക്ക് പോകുന്ന വഴിയിൽ കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്ന് ഇവിടുത്തെ സ്ഥലവാസികൾ പറയുന്നു. ജോലി ആവശ്യത്തിന് രാത്രിയിൽ പോകേണ്ടിവരുന്നവ‌‌ർ എപ്പോൾ വേണമെങ്കിലും കാട്ടാനയ്‌ക്ക് മുന്നിൽപെടാം. ഇവിടങ്ങളിൽ അപകടാവസ്ഥയുണ്ടായിട്ടും വഴിവിളക്കില്ലാത്തതും അപര്യാപ്‌തതയാണ്.