
കണ്ണൂർ: സി പി എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ലിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് റിമാൻഡ് റിപ്പോർട്ട്. ആറംഗ സംഘമാണ് കൃത്യം നടത്തിയത്. രണ്ട് പ്രതികൾ ഒളിവിലാണ്.
ബി ജെ പി കൊമ്മൽ വാർഡ് കൗൺസിലറാണ് ലിജേഷ്. ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ സി പി എം- ബി ജെ പി സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ ഹരിദാസന്റെ സഹോദരന് പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ പൊലീസ് ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റ പ്രതികാരമായാണ് കൊലപാതകം നടത്തിയത്.
ഫെബ്രുവരി ഇരുപത്തിയൊന്നിന് പുലർച്ചെയോടെയാണ് സിപിഎം പ്രവർത്തകനായ പുന്നോൽ സ്വദേശി ഹരിദാസിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങവെ വീടിനു സമീപത്തു വച്ചായിരുന്നു കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായാണ് കൊലയാളി സംഘം എത്തിയത്.