
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പുറത്തിറങ്ങും. 'ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്നാണ് പുസ്തകത്തിന്റെ പേര്. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്ത് ആത്മകഥ പ്രകാശനം ചെയ്യും. ഇളയമകളുടെ അഞ്ചാം ചരമവാർഷികമാണ് നാളെ.
കേസിൽ ആറാമതൊരു പ്രതി കൂടെയുണ്ടെന്നും, ഇയാളെ രക്ഷിക്കാനാണ് കേസ് അട്ടിമറിച്ചതെന്നുമാണ് ആത്മകഥയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. മൂത്തമകളുടെ മരണത്തിന് പിന്നാലെ രണ്ടുപേർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് ഇളയമകൾ കണ്ടിട്ടുണ്ടെന്നും, പൊലീസിനോട് പറഞ്ഞെങ്കിലും നടപടിയെടുത്തില്ലെന്നും അവർ പറഞ്ഞു.
സംഭവിച്ചതെല്ലാം തുറന്നെഴുതിയിട്ടുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. 2017 ജനുവരി, മാർച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.
കേസിൽ പാമ്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു, എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍, ഒരു പതിനാറുകാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം നടക്കുന്നതിനിടെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രവീൺ എന്ന യുവാവ് തൂങ്ങിമരിച്ചു.
2019 ഒക്ടോബര്‍ ഒമ്പതിന് മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ പാലക്കാട് കോടതി വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. പതിനാറുകാരന്‍റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി. പ്രദീപ് കുമാർ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും, കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു.