ukraine

കീവ്: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തടസം നിൽക്കുന്നത് യുക്രെയിനാണെന്ന് റഷ്യ. യുക്രെയിൻ വിട്ട് റഷ്യയിലെ ബെൽഗോറോഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ അതിർത്ത് കടക്കാൻ അനുവദിക്കാതെ യുക്രെയിൻ സൈനികസേന മനുഷ്യകവചമാക്കുന്നുവെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

എന്നാൽ, റഷ്യയുടെ ഈ ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചില്ലെന്നും ഖാർകീവിൽ നിന്ന് ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകാനായി പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കണമെന്ന് യുക്രെയിൻ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാരെ വേഗത്തിൽ ഒഴിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി അതിർത്തി കടത്താമെന്നും തങ്ങളുടെ സ്വന്തം വിമാനങ്ങളിലോ ഇന്ത്യൻ വിമാനങ്ങളിലോ നാട്ടിലെത്തിക്കാമെന്നും റഷ്യ നിലപാട് വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും പുടിൻ പറഞ്ഞു.