
കൊല്ലം: സർക്കാർ ആശുപത്രിയിലേക്ക് ഗണേശ് കുമാർ എംഎൽഎയുടെ മിന്നൽ പരിശോധന. സർക്കാർ ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയിലായിരുന്നു സന്ദർശനം. ആശുപത്രിയിൽ ഒട്ടും വൃത്തിയില്ലെന്ന് മനസിലായതോടെ എംഎൽഎ തന്നെ ചൂലെടുത്ത് തറ തൂത്തുവാരി.
വാങ്ങുന്ന ശമ്പളത്തിനോട് അൽപമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് അദ്ദേഹം ആശുപത്രി ജീവനക്കാരോട് ചോദിച്ചു. താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും എംഎൽഎ വ്യക്തമാക്കി.
എംഎൽഎ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമിച്ച, ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുർവേദ ആശുപത്രിയിലേക്കാണ് ഗണേശ് കുമാർ എത്തിയത്. ആറ് മാസം മുൻപാണ് ടോയിലറ്റ് തുറന്നുകൊടുത്തത്. ഇതുവരെ പൊട്ടിത്തകർന്നു കിടക്കുകയാണ്. ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തും മുൻപ് എല്ലാം വൃത്തിയാക്കണമെന്നും, ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.