
ന്യൂഡൽഹി: യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനിടയിൽ പാസ്‌പോർട്ട് നഷ്‌ടമായ യുവതിക്ക് കേന്ദ്ര സർക്കാരിന്റെ സഹായഹസ്‌തം. ഖാർകീവ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിസിനിലെ വിദ്യാർത്ഥിനിയായ അമൻജോതിനാണ് സർക്കാർ എമർജൻസി പാസ്‌പോർട്ട് നൽകുന്നത്.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാർച്ച് 5ന് സ്വന്തം നാടായ പഞ്ചാബിലേക്ക് വരാൻ വേണ്ടിയിരുന്നതാണ് അമൻ. എന്നാൽ അവളുടെ സകലപ്രതീക്ഷകളെയും തെറ്റിച്ച് യുദ്ധം രൂക്ഷമായി. അതോടെ തിങ്കളാഴ്ച സുഹൃത്ത് രോഹിത് അനുമല്ലയ്ക്കൊപ്പം അവൾ നഗരം വിടാൻ തന്നെ തീരുമാനിച്ചു. കീവ് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഇരുവരുടെയും യാത്രയ്‌ക്കിടയിൽ അമനിന്റെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടമായി.
'എന്നെ സഹായിക്കാൻ റെയിൽവേ സ്റ്റേഷനിൽ ഒരു ഹെൽപ്പ് ഡെസ്‌ക് ഇല്ലായിരുന്നു. ഞാൻ എംബസിയിൽ വിളിച്ചെങ്കിലും അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല,' അവൾ പറഞ്ഞു. ഒടുവിൽ സുഹൃത്ത് രോഹിത്ത് തന്റെ അമ്മാവനെ ബന്ധപ്പെട്ടു. കൊവിഡ് മുന്നണിപ്പോരാളികൾ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അദ്ദേഹം അംഗമാണ്.
അദ്ദേഹം വഴി ലക്‌നൗവിലെ ഒരു സ്വകാര്യ ഗ്രൂപ്പ് ജനറൽ മാനേജറും കൊവിഡ് സർവൈവർ ഫോഴ്സ് എന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗവുമായ വിജയ് മിശ്രയോട് കാര്യം പറഞ്ഞു. മിശ്ര പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഉപദേഷ്‌ടാവ് അമിത് ഖാരെയെയും സമീപിച്ചു. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ എമർജൻസി പാസ്പോർട്ട് ലഭ്യമാക്കുകയായിരുന്നു.